കാര്‍ഷിക വായ്പ കൃത്യമായി തിരിച്ചടക്കുന്നവരുടെ പലിശ ഒഴിവാക്കും; മന്ത്രി

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
കാര്‍ഷിക വായ്‌പ കൃത്യമായി തിരിച്ചടയ്‌ക്കുന്നവരുടെ പലിശ പൂര്‍ണമായി ഒഴിവാക്കുമെന്നു കൃഷി മന്ത്രി കെ പി മോഹനന്‍ പറഞ്ഞു. ഒരു ലക്ഷം രൂപ വരെയുളള വായ്‌പകള്‍ക്കാണ്‌ ഇളവ്‌ നല്‍കുന്നത്‌. അപ്പോഴുണ്ടാകുന്ന ബാധ്യതയില്‍ മൂന്നു ശതമാനം പലിശ കേന്ദ്രസര്‍ക്കാരും നാലു ശതമാനം സംസ്‌ഥാന സര്‍ക്കാരും വഹിക്കും.

കാര്‍ഷിക കടാശ്വാസ പദ്ധതിയില്‍ വാണിജ്യബാങ്കുകളേയും ഉള്‍പ്പെടുത്തണമെന്ന ആവശ്യം ധനമന്ത്രാലയവുമായി കുടിയാലോചിക്കാമെന്ന്‌ കേന്ദ്രം സമ്മതിച്ചിട്ടുണ്ട്‌.

കാര്‍ഷിക സര്‍വകലാശാലയ്‌ക്ക് അനുവദിച്ചിരിക്കുന്ന നൂറു കോടിയില്‍ 30 കോടി അനുവദിക്കണമെന്ന്‌ കേന്ദ്ര കൃഷിമന്ത്രി ശരദ്‌പവാര്‍ ഉറപ്പ്‌ നല്‍കിയതായി കെ പി മോഹനന്‍ അറിയിച്ചു. ആയിരം കുളങ്ങളും ചിറകളും സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സഹസ്രസരോവര്‍ പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ സഹായിക്കണമെന്ന്‌ പവാറിനോട്‌ അഭ്യര്‍ഥിച്ചു. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇറിഗേഷന്‍ സെക്രട്ടറിമാരുടെ യോഗം വിളിക്കും.

അന്തര്‍ദേശീയ പ്രാധാന്യമുളള കാര്‍ഷിക പൈതൃക സ്‌ഥലമായി കുട്ടനാടിനെ പ്രഖ്യാപിക്കാന്‍ അടുത്ത മാസം ശരദ്‌പവാര്‍ സംസ്‌ഥാനത്ത്‌ എത്തും. ചില്ലറ നിക്ഷേപ മേഖലയിലെ വിദേശ നിക്ഷേപം ആദ്യം ചെറിയ ലാഭം ഉണ്ടാകുമെങ്കിലും പിന്നീടു വന്‍നഷ്‌ടത്തിനു വഴി തെളിക്കും. കേരളത്തില്‍ നെല്‍കൃഷിയെ നിരുത്സാഹപ്പെടുത്തുന്ന പ്രസ്‌താവന ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌ സിംഗ്‌ അലുവാലിയ നടത്താന്‍ പാടില്ലായിരുന്നു എന്നു മന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :