കാര്‍ഷിക കടങ്ങള്‍ക്ക് ഇളവ് നല്‍കി ഓര്‍ഡിനന്‍സ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കര്‍ഷകരെ സഹായിക്കാനായി കടാശ്വാസം ഉദാരമാക്കാന്‍ വഴിയൊരുക്കുന്ന ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി. 2006-ന് ശേഷമുള്ള കാര്‍ഷികകടങ്ങള്‍ക്ക് ഇളവനുവദിക്കണമെന്ന് ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ വഴിയായിരിക്കും ഇത് നടപ്പാക്കുന്നത്.

ദുരിതബാധിത പ്രദേശമായി ഏതുസ്ഥലവും പ്രഖ്യാപിക്കാനുള്ള വ്യവസ്ഥയും ഓര്‍ഡിനന്‍സിലുണ്ട്. ഓര്‍ഡിനന്‍സ് നിലവില്‍ വരുന്നതോടെ 2011 ഒക്ടോബര്‍ 31 വരെ കുടിശ്ശിക വരുത്തിയിട്ടുള്ള കടങ്ങള്‍ കമ്മീഷന് പരിഗണിക്കാനാകും.
പ്രകൃതി ദുരന്തങ്ങളോ വിളനാശമോ ഉണ്ടാകുന്ന മേഖലകളെ പ്രത്യേക വിജ്ഞാപനം വഴി ദുരിതബാധിതമായി പ്രഖ്യാപിച്ച് കര്‍ഷകര്‍ക്ക് കടാശ്വാസ കമ്മീഷന്‍ വഴി നഷ്ടപരിഹാരം നല്‍കാനാകും. ഇതുവരെ കടാശ്വാസ കമ്മീഷന്റെ നിലവിലുള്ള നിയമത്തില്‍ ഇതിന് വ്യവസ്ഥയില്ലായിരുന്നു. 2006 വരെയുള്ള കടങ്ങള്‍ക്കു മാത്രമാണ് കടാശ്വാസ കമ്മീഷനിലൂടെ നിലവില്‍ ഇളവ് ലഭിച്ചിരുന്നത്.

വയനാട് ജില്ലയ്ക്കു മാത്രമാണ് ആദ്യഘട്ടത്തില്‍ ഈ ഇളവ് നല്‍കാന്‍ ഉദ്ദേശിച്ചിട്ടുള്ളതെങ്കിലും പ്രത്യേക ഉത്തരവിലൂടെ മറ്റുസ്ഥലങ്ങളിലെ കര്‍ഷകര്‍ക്കും ഇളവ് നല്‍കാന്‍ സര്‍ക്കാറിനാവും. കടാശ്വാസ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനാണ് കടാശ്വാസ കമ്മീഷന്‍ രൂപവത്കരിച്ചതിന് തൊട്ടുമുമ്പുള്ള വര്‍ഷം വരെയുള്ള കടങ്ങള്‍ക്ക് മാത്രം ഇളവ് നല്‍കിയാല്‍ മതിയെന്ന് വ്യവസ്ഥ കൊണ്ടുവന്നത്. എന്നാല്‍ വയനാട്ടില്‍ കര്‍ഷക ആത്മഹത്യ ഉണ്ടായപ്പോള്‍ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഈ വ്യവസ്ഥ തടസ്സമാവുകയായിരുന്നു.

വയനാട്ടിലെ കര്‍ഷക ആത്മഹത്യ കഴിഞ്ഞവര്‍ഷം രാഷ്ട്രീയ വിവാദമായതോടെ ഇതേക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കെ. ജയകുമാര്‍ കമ്മീഷന്റെ ശുപാര്‍ശകളെത്തുടര്‍ന്നാണ് നിയമഭേദഗതിക്ക് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ബില്‍ കൊണ്ടുവന്നെങ്കിലും ചര്‍ച്ചയ്‌ക്കെടുത്തിരുന്നില്ല. ഇതോടെയാണ് ഓര്‍ഡിനന്‍സായി പുറത്തിറക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :