എയര്‍ ഇന്ത്യയ്ക്ക് വാഷിംഗ്ടണിലേക്ക് പുതിയ സര്‍വീസ്

വാഷിംഗ്ടണ്‍| WEBDUNIA| Last Modified ബുധന്‍, 24 ഫെബ്രുവരി 2010 (11:35 IST)
PRO
PRO
ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ വിവിധ ഇന്ത്യന്‍ പട്ടണങ്ങളില്‍ നിന്ന് വാഷിംഗ്ടണിലേക്ക് പ്രതിദിന സര്‍വീസ് നടത്തും. മിലാന്‍ വഴിയായിരിക്കും പുതിയ സര്‍വീസുകള്‍.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ എയര്‍ ഇന്ത്യ ന്യൂഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്ക് വഴി വാഷിംഗ്ടണിലേക്ക് സര്‍വീസ് നടത്തിയിരുന്നു. ഇത് വിജയകരമായതിനെത്തുടര്‍ന്നാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്. ഡല്‍ഹിയില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നുമായിരിക്കും പുതിയ സര്‍വീസുകള്‍.

പുതിയ സര്‍വീസുകള്‍ക്കായുള്ള എല്ലാ ക്ലിയറന്‍സുകളും യുഎസ് സര്‍ക്കാരില്‍ നിന്ന് നേടിയിട്ടുണ്ടെന്ന് എയര്‍ ഇന്ത്യയുടെ വാഷിംഗ്ടണിലെ പ്രവര്‍ത്തനങ്ങളുടെ മേധാവിയായ എസ് ഖോലെ പറഞ്ഞു. യൂറോപ്യന്‍ യാത്രക്കാരെക്കൂടി ആകര്‍ഷിക്കുക എന്ന ഉദ്ദേശ്യത്തില്‍ പുതിയ സര്‍വീസിന് മിലാനില്‍ സ്റ്റോപ്പുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ എയര്‍ ഇന്ത്യ പുറത്തുവിട്ടിട്ടില്ല.

വാഷിംഗ്ടണിലെ ഇന്ത്യന്‍ അമേരിക്കന്‍ ജനസംഖ്യ ഉയര്‍ന്നതാണ് എയര്‍ ഇന്ത്യയുടെ പുതിയ നീക്കത്തിന് പിന്നില്‍. വാഷിംഗ്ടണ്‍ മെട്രോപൊളിറ്റന്‍ പ്രദേശത്ത് മാത്രം മൂന്ന് ലക്ഷത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :