വിവാദ ലയനം സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 27 ജനുവരി 2010 (12:32 IST)
PRO
വിവാദമായ എയര്‍ ഇന്ത്യ-ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍‌മാറുന്നു. 2007 ഓഗസ്റ്റില്‍ ലയിപ്പിച്ച ഇരു വിമാന കമ്പനികളേയും വീണ്ടും രണ്ടായി വിഭജിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിമാന കമ്പനികളുടെ ലയനം കൊണ്ട് നഷ്ടം മാത്രമാണ് ഉണ്ടായതെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കമ്പനികളെ പഴയ നിലയിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറായെതെന്നാണ് സൂചന.

കമ്പനികളുടെ ലയന വിഭജനം സംബന്ധിച്ച റിപ്പോര്‍ട്ട് ധനകാര്യ മന്ത്രാലയത്തിലെ ധനവ്യയ സെക്രട്ടറി എയര്‍ ഇന്ത്യയ്ക്ക് സമര്‍പ്പിച്ചതായും മറ്റ് മന്ത്രാലയങ്ങള്‍ ഫെബ്രുവരി മൂന്നിന് ചേരുന്ന ഗ്രൂപ്പ് യോഗത്തില്‍ അഭിപ്രായം രേഖപ്പെടുത്തുമെന്നും ഒരു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ലയനം കൊണ്ട് ഗുണമുണ്ടായിട്ടില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസും വിലയിരുത്തിയിരിക്കുന്നത്.

മതിയായ ആലോചനയില്ലാതെയാണ് എയര്‍ ഇന്ത്യയേയും ഇന്ത്യന്‍ എയര്‍ലൈന്‍സിനേയും ലയിപ്പിച്ചതെന്ന് ട്രാന്‍സ്പോര്‍ട്ട്, ടൂറിസം ആന്‍ഡ് കള്‍ച്ചര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സാമ്പത്തികവും, ധനപരവുമായ ഒട്ടേറെ പ്രശ്നങ്ങള്‍ ഉയര്‍ന്നുവരാമെന്ന് സമിതി ചൂണ്ടിക്കാട്ടി. തീരുമാനമെടുത്തവര്‍ ഈ പ്രശ്നങ്ങള്‍ മുന്‍‌കൂട്ടി കണ്ടില്ലെന്ന് സമിതി കുറ്റപ്പെടുത്തി.

ബോയിംഗ് ടൈപ്പ് വിമാനങ്ങളാണ് എയര്‍ ഇന്ത്യയ്ക്കുള്ളത്. ഇന്ത്യന്‍ എയര്‍ലൈന്‍സാകട്ടെ എയര്‍ബസ് ജെറ്റുകളാണ് സര്‍വീസ് നടത്തുന്നത്. വിമാന ജീവനക്കാരും എഞ്ജിനീയര്‍മാരും രണ്ട് വിമാനക്കമ്പനികള്‍ക്കും വ്യത്യസ്തമാണ്. രണ്ട് തരത്തിലുള്ള വിമാനങ്ങളില്‍ ഇവരുടെ സേവനം വിനിയോഗിക്കുക അസാധ്യമാണ്. ലയിപ്പിക്കാന്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് എയര്‍ ഇന്ത്യയ്ക്കും ഇന്ത്യന്‍ എയര്‍ലൈന്‍സിനും വെവ്വേറെ ഏറ്റെടുക്കല്‍ പദ്ധതികള്‍ ഉണ്ടായിരുന്നതായും സമിതി വ്യക്തമാക്കിയിരുന്നു.

2007 ഫെബ്രുവരിയിലാണ് വിമാന കമ്പനികളുടെ ലയനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. പ്രതിദിനം 15 കോടി രൂപ നഷ്ടത്തിലാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നത്. 2008-09 സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ ഇന്ത്യയ്ക്ക് 5400 കോടി രൂപ നഷ്ടം നേരിട്ടിരുന്നു. 2007-08 കാലത്തേക്കാള്‍ ഇരട്ടിയിലധികമായിരുന്നു ഇക്കാലയളവിലെ നഷ്ടം. ഈ വര്‍ഷവും എയര്‍ ഇന്ത്യ വന്‍ നഷ്ടം നേരിടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് രണ്ട് വിമാന കമ്പനികളേയും വെവ്വേറെയാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :