ഇനി വിളിക്കുന്ന സെക്കന്‍ഡുകള്‍ക്ക് മാത്രം പണം; ഇല്ലെങ്കില്‍ ട്രായ് പിണങ്ങും

ന്യൂഡല്‍ഹി| VISHNU N L| Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (10:24 IST)
കോൾഡ്രോപ് മൂലം സംസാരം വ്യക്തമാകാതിരിക്കുകയും എന്നാല്‍ സേവന ദാതാക്കള്‍ പണം ഈടാക്കുകയും ചെയ്യുന്നതിന് വിരാമം. കോള്‍ഡ്രോപ് കമ്പനികള്‍ക്കു ലാഭമുണ്ടാക്കി കൊടുക്കുന്നുവെന്നും ഇതിന്റെ മറവിൽ മൊബൈൽ കമ്പനികൾ ഉപഭോക്താക്കളെ വ്യാപകമായി ചൂഷണം ചെയ്യുന്നുവെന്നുമുള്ള കണ്ടെത്തലിനെ തുടർന്ന് ടെലികോ നിയന്ത്രണ അതോറിറ്റി (ട്രായ്) കമ്പനികള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. എല്ലാവരും പെര്‍ സെക്കന്റ് ബില്ലിങ്ങിലേക്ക് മാറാനാണ് ട്രായ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഇതോടെ പെര്‍ മിനിട്ട് ബില്ലിംഗ് നടത്തിയിരുന്ന പ്രമുഖ കമ്പനികള്‍ പെര്‍ സെക്കന്റിലേക്ക് തിരിച്ചുവന്നു. എയർടെൽ തങ്ങളുടെ എല്ലാ പ്രീപെയ്ഡ് വരിക്കാർക്കും സെക്കന്റ് അടിസ്ഥാനത്തിൽ പുതിയ ബില്ലിംഗ് പ്രഖ്യാപിച്ചതിനു പിന്നാലെ ഐഡിയ സെല്ലുലാർ ലിമിറ്റഡും പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സെക്കന്റ് നിരക്കിലുള്ള ഏകീകൃത ബില്ലിംഗ് സംവിധാനം നടപ്പിലാക്കിത്തുടങ്ങി.

കൂടുതല്‍ കമ്പനികള്‍ ഈ സംവിധാനത്തിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ്.
പെര്‍സെക്കന്റ് ബില്ലിംഗിലേക്ക് മാറാത്ത കമ്പനികള്‍ക്ക് എതിരെ നടപടികളെടുക്കാനും ട്രായ് തീരുമാനിക്കുന്നുണ്ടെന്നാണ് വിവരം. പെർ മിനിറ്റ് ബില്ലിംഗിലുള്ള മൊബൈൽ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന കമ്പനികളുടെ കള്ളക്കളി ഇതോടെ അവസാനിക്കുമെന്നാണ് കരുതുന്നത്. പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്കും ഇതേ സംവിധാനം വന്നേക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :