മൊബൈല്‍ ഫോണ്‍ എല്‍ബോയെ സൂക്ഷിക്കുക

മൊബൈല്‍ ഫോണ്‍ എല്‍ബോ, ആരോഗ്യം, കൈ തരിപ്പ്, മൊബൈല്‍
Last Modified വ്യാഴം, 24 സെപ്‌റ്റംബര്‍ 2015 (16:33 IST)
ഇക്കാലത്ത് മൊബൈല്‍ ഫോണ്‍ ഇല്ലാത്ത ആളുകള്‍ ചുരുക്കമാണ്. കാലദേശഭേദമില്ലാതെ ആശയ വിനിമയം നടത്താന്‍ മൊബൈല്‍ ഒരു അനുഗ്രഹം തന്നെയാണ്. എന്നാല്‍, “അധികമായാല്‍ മൊബൈല്‍ ഉപയോഗവും രോഗമാകാം” എന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്.

‘മൊബൈല്‍ മാനിയ’ എന്ന് വിശേഷിപ്പിക്കാവുന്നതു പോലെ എപ്പോഴും മൊബൈലില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നവരെ ശ്രദ്ധിച്ചിട്ടില്ലേ. ഇവര്‍ അല്പം ശ്രദ്ധിച്ചാല്‍ നല്ലതാണെന്നാണ് അമേരിക്കയിലെ അസ്ഥിരോഗ വിദഗ്ധരുടെ അക്കാദമി അഭിപ്രായപ്പെടുന്നത്.

കൂടുതല്‍ സമയം മൊബൈലില്‍ സംസാരിക്കുന്ന പ്രവണത മൊബൈല്‍ ഫോണ്‍ എല്‍ബോ എന്ന രോഗം ഉണ്ടാക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഈ അവസ്ഥയില്‍ കൈമുട്ട് മുതല്‍ വിരലുകള്‍ വരെ തരിപ്പ് ഉണ്ടാവുന്ന ഒരു അവസ്ഥ ഉണ്ടാവാം. കൈമുട്ടുകള്‍ വളരെ നേരം മടക്കി വച്ചിരിക്കുന്നതിനാല്‍ ഒരു പ്രധാന ഞരമ്പിനു തകരാറും സംഭവിച്ചേക്കാം.

കൂടുതല്‍ നേരം ഒരേ രീതിയില്‍ കൈ മടക്കി വച്ചുകൊണ്ട് മൊബൈലില്‍ സംസാരിക്കുന്നത് വഴി മോതിരവിരലിനെയും ചെറുവിരലിനെയും നിയന്ത്രിക്കുന്ന ഉള്‍നാര്‍ ഞരമ്പുകള്‍ക്ക് ക്ഷതം സംഭവിക്കുകയും അതു വഴി കൈമുട്ടുകള്‍ക്ക് വിട്ടുമാറാത്ത അതികഠിനമായ വേദന ഉണ്ടാവുമെന്നുമാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

ജാറുകള്‍ തുറക്കാനോ എഴുതാനോ പോലും സാധ്യമാവാതെ കൈമുട്ടില്‍ വേദനയുമായി എത്തുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍ എല്‍ബോ ബാധിച്ചിട്ടുണ്ടോ എന്നു കൂടി പരിശോധിക്കേണ്ടി വരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇത്തരം അവസ്ഥയില്‍ നിന്ന് രക്ഷനേടാനായി, ദീര്‍ഘനേരം മൊബൈല്‍ ഉപയോഗിക്കേണ്ടി വരുന്ന അവസരത്തില്‍ കൈകള്‍ മാറി മാറി ഉപയോഗിക്കുന്നതാണ് ഏക പ്രതിവിധിയെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :