സജിത്ത്|
Last Modified തിങ്കള്‍, 10 ഒക്‌ടോബര്‍ 2016 (10:03 IST)
ബ്രിട്ടീഷ് ആഡംബര കാർ ബ്രാൻഡായ ജഗ്വാർ ലാൻഡ് റോവറിൽ നിന്നുള്ള ആദ്യ എസ് യു വി ‘എഫ് പേസ്’ വിപണിയിലേക്ക്. ഒക്ടോബർ 20നാണ് ഈ വാഹനം വില്പനക്കെത്തുന്നത്. ജഗ്വാറിൽ നിന്നുള്ള ആദ്യ പെർഫോമൻസ് എസ് യു വിക്കു വിപണിയിൽ മികച്ച സ്വീകാര്യത നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജഗ്വാർ ലാൻഡ് റോവർ ഇന്ത്യ ലിമിറ്റഡ് പ്രസിഡന്റ് രോഹിത് സൂരി അഭിപ്രായപ്പെട്ടു. ഡൽഹി ഷോറൂമിൽ 68.40 ലക്ഷം രൂപ മുതലാണ് ‘എഫ് പേസി’നു വില. ഓൺലൈൻ വഴിയും രാജ്യത്തെ 23 ജെ എൽ ആർ ഡീലർഷിപ്പുകൾ വഴിയും ‘എഫ് പേസ്’ ബുക്ക് ചെയ്യാം.
രണ്ടു ലീറ്റർ, മൂന്നു ലീറ്റർ വി സിക്സ് ടർബോ ചാർജ്ഡ് ഡീസൽ, നാലു സിലിണ്ടർ ടർബോ ചാർജ്ഡ് ഇൻജെനിയം ഡീസൽ എന്നീ എൻജിനുകളോടെയാണു ‘എഫ് പേസ്’ എത്തുന്നത്. ശേഷിയേറിയ എൻജിന് 221 കിലോവാട്ട് വരെ കരുത്തും 700 എൻ എം വരെ ടോർക്കും സൃഷ്ടിക്കുമ്പോള്‍ ശേഷി കുറഞ്ഞ എൻജിന്‍ 132 കിലോവാട്ട് വരെ കരുത്താണ് സൃഷ്ടിക്കുക. മൂന്നു ലീറ്റർ വി സിക്സ് ടർബോ ചാർജ്ഡ് ഡീസൽ എൻജിന് നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലെത്താന്‍ വെറും 6.2 സെക്കൻഡ് മതിയെന്നാണു നിർമാതാക്കള്‍ ഉന്നയിക്കുന്ന അവകാശവാദം.
‘സി എക്സ് -17’ കൺസപ്റ്റിൽ നിന്നു പ്രചോദിതമാണ് ‘എഫ് പേസ് ഫസ്റ്റ് എഡീഷൻ’. ആംഗ്യങ്ങൾ തിരിച്ചറിഞ്ഞു കൊണ്ട് തുറക്കുന്ന ടെയിൽഗേറ്റാണു കാറിലെ പ്രധാന സവിശേഷത. വാഹനത്തിന്റെ പിൻ ഫ്ളാങ്കിനു താഴെ കാൽ വച്ചുകഴിഞ്ഞാല്‍ തുറക്കുന്ന രീതിയിലാണ് ഈ ടെയിൽഗേറ്റ് രൂപകല്പന ചെയ്തിട്ടുള്ളത്. രണ്ടു ലീറ്റർ ഡീസൽ എൻജിനുള്ള മോഡലിൽ ഓപ്ഷൻ വ്യവസ്ഥയിലും മൂന്നു ലീറ്റർ എൻജിനുള്ള മോഡലില്‍ സ്റ്റാൻഡേഡ് വ്യവസ്ഥയിലുമാണ് ജസ്റ്റർ ടെയിൽഗേറ്റ് ലഭ്യമാകുക. ‘എഫ് പേസി’ന്റെ അകത്തളങ്ങളിലാകട്ടെ പത്ത് നിറങ്ങളുടെ സാധ്യതയോടെയുള്ള ഇന്റീരിയർ മൂഡ് ലൈറ്റിങ്ങാണ് ജഗ്വാർ വാഗ്ദാനം ചെയ്യുന്നത്.
മൂന്നു ലീറ്റർ എൻജിനോടെ വിൽപ്പനയ്ക്കുള്ള കാർ റീഗൽ ഹാലികോൺ ഗോൾഡ്, സ്റ്റണ്ണിങ് സീഷ്യം ബ്ലൂ എന്നീ നിറങ്ങളില്‍ ലഭ്യമാകും. കൂടാതെ റോഡിയം സിൽവർ, അൾട്ടിമേറ്റ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഫസ്റ്റ് എഡീഷൻ കാറുകളും ലഭിക്കും. ‘എഫ് പേസ്’ വകഭേദങ്ങളുടെ ഡൽഹി ഷോറൂമിലെ വില: രണ്ടു ലീറ്റർ (132 കിലോവാട്ട്) ഡീസൽ പ്യുവർ - 68.40ലക്ഷം, രണ്ടു ലീറ്റർ (132 കിലോവാട്ട്) ഡീസൽ പ്രസ്റ്റീജ് -74.50ലക്ഷം, മൂന്നു ലീറ്റർ (221 കിലോവാട്ട്) ഡീസൽ ആർ — സ്പോർട് - 1കോടി രണ്ട് ലക്ഷം, മൂന്നു ലീറ്റർ (221 കിലോവാട്ട്) ഡീസൽ ഫസ്റ്റ് എഡീഷൻ - 1കോടി 13ലക്ഷം.