സജിത്ത്|
Last Modified വെള്ളി, 23 ഡിസംബര്‍ 2016 (15:14 IST)
തങ്ങളുടെ പുതിയ മോഡല്‍ ബൈക്കുമായി ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ഡുക്കാട്ടി ഇന്ത്യയില്‍. കമ്പനിയുടെ 90 ാം വാര്‍ഷിക ദിനാഘോഷവേളയിലാണ് 1299 പനേഗല്‍ എസ് എന്ന പേരില്‍ പുതിയ ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്. 500 യൂണിറ്റുകള്‍ വീതം അടങ്ങുന്ന വാര്‍ഷിക പതിപ്പുകളെയാണ് ഡുക്കാട്ടി ഇന്ത്യയിലെത്തിച്ചിരിക്കുന്നത്.
ഡുക്കാട്ടി ഇന്ത്യയില്‍ അവതരിപ്പിച്ചതില്‍ വെച്ച് ഏറ്റവും വിലകൂടിയ ബൈക്കാണ് 1299 പനേഗല്‍ എസ്. ഏകദേശം 55 ലക്ഷത്തിനടുത്തായിരിക്കും ഈ ബൈക്കിന്റെ വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 1285 സിസി സൂപ്പര്‍ക്വാര്‍ഡോ എല്‍ ട്വിന്‍ എന്‍ജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. നിലവിലുള്ള ഡുക്കാട്ടി ബൈക്കുകളേക്കാള്‍ പത്ത് ശതമാനത്തിലധികം കരുത്തും ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക.
മികച്ച ഹാന്റിലിംഗും ട്രാക്ഷനും വാഗ്ദാനം ചെയ്യുന്നതിനായി ഈ ബൈക്കിന്റെ ഷാസിയിലും സസ്‌പെന്‍ഷനിലും കമ്പനി ചില വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ട്. ഡുക്കാട്ടി വീല്‍ കണ്‍ട്രോള്‍, ഡുക്കാട്ടി ട്രാക്ഷന്‍ കണ്‍ട്രോള്‍, ബോഷ് കോര്‍ണറിംഗ് എബിഎസ്, ഡുക്കാട്ടി ക്വിക്ക് ഷിഫ്റ്റ് എന്നീ സവിശേഷതകളും ഈ പരിമിതക്കാല പതിപ്പിലുണ്ട്. വീലുകളില്‍ സ്വര്‍ണനിറവും ബ്ലാക്ക്, വൈറ്റ്, റെഡ് എന്നീ നിറങ്ങള്‍ ഇടക്കലര്‍ത്തിയുള്ള ബോഡിയുമായാണ് ബൈക്ക് എത്തുന്നത്.