സെന്‍സെക്സ് 727 പോയിന്‍റ് നഷ്ടം

കറുത്ത തിങ്കള്‍ വീണ്ടും

മുംബൈ| WEBDUNIA|

ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ എല്ലാം തന്നെ തിങ്കളാഴ്ച രാവിലെ മുതല്‍ വന്‍ തകര്‍ച്ചയിലേക്ക് നീങ്ങുന്നതിന്‍റെ സൂചനകള്‍ നല്‍കി വൈകിട്ട് ക്ലോസിംഗ് സമയത്ത് സെന്‍സെക്സ് 728 പോയിന്‍റ് നഷ്ടത്തിലായി. മുംബൈ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നാണ് വീണ്ടും കറുത്ത തിങ്കളാഴ്ചയായി മാര്‍ച്ച് 31 നും അനുഭവപ്പെട്ടത്.

വിപണി ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 200 ലേറെ പോയിന്‍ര്‍ നഷ്ടത്തിലായി. വൈകിട്ട് ക്ലോസിംഗ് സമയത്ത് സെന്‍സെക്സ് 726.85 പോയിന്‍റ് നഷ്ടത്തില്‍ 15644.44 എന്ന നിലയിലേക്ക് താണു.

ഇതേ സമയം ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 207.50 പോയിന്‍റ് നഷ്ടത്തില്‍ 4,734.50 എന്ന നിലയിലേക്ക് താണു.

ആഗോള ഓഹരി വിപണിയില്‍ തിങ്കളാഴ്ചയുണ്ടായ വന്‍ തകര്‍ച്ചയുടെ ചുവട് പിടിച്ചാണ് ഏഷ്യന്‍ ഓഹരി വിപണി സൂചികകള്‍ക്കൊപ്പം ആഭ്യന്തര ഓഹരി വിപണി സൂചികകളും താഴേക്ക് പോയത്. ബാങ്ക്, ഐ.റ്റി., റിയാലിറ്റി, മെറ്റല്‍, ഓയില്‍ എന്നിവയ്ക്കൊപ്പം പവര്‍, ക്യാപിറ്റല്‍ ഗുഡ്സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, പി.എസ്.യു. എന്നിവയുടെ സൂചികകളും നഷ്ടത്തിലേക്ക് വീണു.

അതേ സമയം ഫാര്‍മ കമ്പനികളുടെ ഓഹരികള്‍ ഒരു വിധം പിടിച്ചുനിന്ന് ലാഭത്തിലേക്ക് മാറിയതാണ് ഏറ്റവും ശ്രദ്ധേയമായത്.

എച്ച്.ഡി.എഫ്.സി ഓഹരി വില 8.75 ശതമാനവും ഐ.സി.ഐ.സി.ഐ. ബാങ്ക് 7.75 ശതമാനവും ഡി.എല്‍.എഫ് ഓഹരി വില 7.05 ശതമാനവും നഷ്ടത്തിലായപ്പോള്‍ ടി.സി.എസ്. (6.8 ശതമാനം), ഒ.എന്‍.ജി.സി (6.65 ശതമാനം), വിപ്രോ (6.3 ശതമാനം), ഇന്‍ഫോസിസ് ടെക്നോളജീസ് (6.3 ശതമാനം), രിലയന്‍സ് എനര്‍ജി (6.15 ശതമാനം) ഹിന്‍ഡാല്‍ക്കോ (6.1 ശതമാനം) എന്നിവയുടെ ഓഹരികളും വന്‍ നഷ്ടത്തിലായി.

അതുപോലെ റിലയന്‍സ് ക്യാപിറ്റല്‍ ഓഹരി വില 12 ശതമാനവും റിലയന്‍സ് നാച്വറല്‍ റിസോഴ്സസ് 5.25 ശതമാനവും നഷ്ടത്തിലായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :