പൈപ്പ് വഴി വീടുകളിലേക്ക് ഗ്യാസ്!

കൊച്ചി| WEBDUNIA| Last Modified ചൊവ്വ, 14 ഡിസം‌ബര്‍ 2010 (11:25 IST)
PRO
PRO
ഇനി പൈപ്പ് ലൈന്‍ വഴി വീടുകളിലേക്ക് പാചകവാതകം എത്തും. സാധാരണ പാചകവാതകത്തിനേക്കാളും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍ സാധിക്കുന്ന സിറ്റി ഗ്യാസ് വിതരണ പദ്ധതി ഉടന്‍ തുടങ്ങും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സര്‍വീസ് ലഭ്യമാക്കും. തുടക്കത്തില്‍ എറണാകുളം ജില്ലലാണ് പദ്ധതി നടപ്പിലാക്കുക. പിന്നീട്, കായംകുളം, തൃശ്ശൂര്‍, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോട്ടയം, കൊല്ലം എന്നിവിടങ്ങളിലും പൈപ്പ്‌വഴി വീടുകളില്‍ പ്രകൃതിവാതകം എത്തിക്കുന്ന സംവിധാനം ലഭ്യമാക്കും.

കൊച്ചിയില്‍ സംഘടിപ്പിച്ച പ്രകൃതിവാതക സമ്മേളനത്തില്‍ പെട്രോളിയം-പ്രകൃതിവാതക റഗുലേറ്ററി ബോര്‍ഡ് ചെയര്‍മാന്‍ ലളിത് മാന്‍സിങ്ങും ഗെയില്‍ ഡയറക്ടര്‍ എസ് വെങ്കിട്ടരാമനുമാണ് ഇക്കാര്യം അറിയിച്ചത്. വീടുകളിലെ അടുക്കകളിലേക്ക് നേരിട്ട് വാതകം എത്തിക്കുന്നതോടൊപ്പം ചെറുകിട വ്യവസായങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും ഈ സേവനം ലഭ്യമാക്കും.

പാചകവാതകത്തിന്റെ ഉപയോഗം അളക്കുന്നതിനായി മീറ്റര്‍ സ്ഥാപിക്കും. എറണാകുളം ജില്ലയില്‍ സിറ്റി ഗ്യാസ് പദ്ധതി പെട്രോളിയം-പ്രകൃതി വാതക റഗുലേറ്ററി ബോര്‍ഡ് വിജ്ഞാപനം ചെയ്തിട്ടുണ്ട്. തുടക്കത്തില്‍ കൊച്ചിയില്‍ മാത്രം പദ്ധതി നടപ്പാക്കാനായിരുന്നു ആലോചന.

കൊച്ചിയില്‍ മികച്ച രീതിയില്‍ സിറ്റി ഗ്യാസ് വിതരണ പദ്ധതി നടപ്പാക്കുന്നവര്‍ക്കായിരിക്കും പൈപ്പ്‌ലൈന്‍ ശൃംഖല സ്ഥാപിക്കാന്‍ അനുമതി നല്‍കുക. വീട്ടില്‍ വെള്ളം എത്തിക്കുന്നത് പോലെ വാതകം ലഭ്യമാക്കുന്ന സിറ്റി ഗ്യാസ് പദ്ധതി നിലവില്‍ ഡല്‍ഹി, മുംബൈ, കാണ്‍പൂര്‍, പുണെ എന്നീ നഗരങ്ങളില്‍ ലഭ്യമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :