കറാച്ചി വിമാനാപകടത്തില്‍ 11 മരണം

കറാച്ചി| WEBDUNIA| Last Modified ഞായര്‍, 28 നവം‌ബര്‍ 2010 (09:07 IST)
കറാച്ചി വിമാനത്താവളത്തില്‍ നിന്ന് സുഡാനിലേക്ക് പോവുകയായിരുന്ന ഒരു റഷ്യന്‍ ചരക്കു വിമാനം പറന്നുയര്‍ന്ന് അഞ്ച് മിനിറ്റിനുള്ളില്‍ തകര്‍ന്ന് വീണു. ഞായറാഴ്ച വെളുപ്പിന് കറാച്ചിയിലെ ജനവാസകേന്ദ്രത്തിലാണ് വിമാനം തകര്‍ന്ന് വീണത്. അപകടത്തില്‍ 11 പേര്‍ മരിച്ചതായി പ്രാഥമിക വിവരം.

വിമാനത്തില്‍ ഉണ്ടായിരുന്ന എട്ട് റഷ്യന്‍ വിമാന ജോലിക്കാരും അപകടത്തില്‍ മരിച്ചു എന്ന് സ്ഥിരീകരിച്ചു. അടുപ്പിച്ച് നിരവധി വീടുകള്‍ ഉള്ള സ്ഥലത്തു നിന്ന് അല്‍പ്പം മാറിയാണ് വിമാനം തകര്‍ന്ന് വീണത്. ഇത് വന്‍‌ ദുരന്തം ഒഴിവാക്കി.

വിമാനം തകര്‍ന്ന് വീണ് 20 വീ‍ടുകള്‍ തകര്‍ന്നു. എന്നാല്‍, ഈ ഭാഗത്തെ മിക്ക വീടുകളും നിര്‍മ്മാണത്തിലിരിക്കുന്നതായതിനാല്‍ വലിയ അപകടം ഒഴിവായി. അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മൂന്ന് പേര്‍ മരിച്ചു എന്നാണ് പ്രാഥമിക വിവരം. എന്നാല്‍, മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.

കറാച്ചിയില്‍ നിന്ന് സുഡാനിലേക്ക് പോവുകയായിരുന്ന വിമാനം രാവിലെ 1:50 ന് ആണ് പറന്നുയര്‍ന്നത്. വിമാനം ഉയര്‍ന്നപ്പോള്‍ തന്നെ അതിന്റെ വലത് ഭാഗത്തെ എഞ്ചിന് തീപിടിച്ചിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പറന്നുയര്‍ന്ന് അഞ്ച് മിനിറ്റിനുള്ളില്‍ തീ ആളിപ്പടര്‍ന്ന വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :