കളിക്കാര്‍ പാഠം പഠിപ്പിച്ചുവെന്ന് കല്‍‌മാഡി

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 15 ജനുവരി 2010 (10:38 IST)
PRO
ഹോക്കി കളിക്കാരുടെ സമരം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് ഒരു പാഠമായിരുന്നുവെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് സുരേഷ് കല്‍‌മാഡി. ഭാവിയില്‍ ഹോക്കിയിലെ നിലവിലെ താരങ്ങളെ മാത്രമല്ല മുന്‍‌കാല താരങ്ങള്‍ക്കും മതിയായ പരിഗണന നല്‍കുമെന്നും കല്‍മാഡി പറഞ്ഞു.

പ്രതിഫലത്തിനായി സമരം ചെയ്യേണ്ടി വന്നതില്‍ കളിക്കാരോട് സഹതാപമുണ്ടോ എന്ന ചോദ്യത്തിന് സഹതാപമല്ല അത് അവരുടെ അവകാശമാണെന്നായിരുന്നു കല്‍‌മാഡിയുടെ മറുപടി. 1600 കോടി രൂപ മുടക്കി കോമണ്‍‌വെല്‍ത്ത് ഗെയിംസ് നടത്തുന്ന അസോസിയേഷന് ഹോക്കി കളിക്കാര്‍ക്ക് നല്‍കാന്‍ ഒരു കോടി രൂപ നീക്കിവെക്കാനാവില്ലേ എന്ന ചോദ്യത്തിന് പ്രശ്നങ്ങളെല്ലാം പരിഹരിച്ചു കഴിഞ്ഞതാണെന്നും അടുത്ത മാസം നടക്കുന്ന ലോകകപ്പ് ഹോക്കി വിജയപ്രദമായി നടപ്പാക്കാന്‍ ഹോക്കി ഇന്ത്യക്ക് അസോസിയേഷന്‍റെ പൂര്‍ണ സഹകരണമുണ്ടാവുമെന്നും കല്‍‌മാഡി പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ പ്രതിഫലം നല്‍കാത്തതിന്‍റെ പേരില്‍ ഹോക്കി താരങ്ങള്‍ ലോകകപ്പിന് മുന്നോടിയായുള്ള ദേശീയ പരിശീലന ക്യാമ്പ് ബഹിഷ്കരിച്ചിരുന്നു. പിന്നീട് മുന്‍ ഇന്ത്യന്‍ നായകന്‍ ധന്‍‌രാജ് പിള്‍ലയുടെ മധ്യസ്ഥതയില്‍ സുരേഷ് കല്‍മാഡി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് പ്രശ്നം ഒത്തുതീര്‍ന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :