ഇമ്മാനുവല്‍ അഡെബയോര്‍ വിരമിക്കുന്നു

ലണ്ടന്‍| WEBDUNIA| Last Modified ചൊവ്വ, 13 ഏപ്രില്‍ 2010 (12:51 IST)
മാഞ്ചസ്റ്റര്‍ സിറ്റിയുടെയും ടോഗോയുടെയും സട്രൈക്കര്‍ ഇമ്മാനുവല്‍ അഡെബയോര്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നു. ഇരുപത്തിയാറുകാരനായ അഡെബയോര്‍ ടോഗോ ടീമിന്റെ നായകനായിരുന്നു. ആഫ്രിക്കന്‍ നാഷന്‍സ് കപ്പില്‍ പങ്കെടുക്കാനെത്തിയ ടോഗോ ടീമംഗങ്ങള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.

ആഫ്രിക്കന്‍ നേഷന്‍സ് കപ്പിനിടെ നടന്ന ആക്രമണമാണ് തന്നെ വിരമിക്കലിലേക്ക് നയിച്ചതെന്നും രാജ്യത്തിന് വേണ്ടി കളിക്കാന്‍ ഏറെ താത്പര്യമുണ്ടെന്നും എങ്കിലും അടുത്തിടെയുണ്ടായ ചില സംഭവങ്ങളെ തുടര്‍ന്നാണ് താന്‍ വിരമിക്കുന്നതെന്നും അഡെബയോര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ആക്രമണത്തെ തുടര്‍ന്ന് ടൂര്‍ണമെന്റില്‍ കളിക്കാതെ ടോഗോ ടീം മടങ്ങുകയായിരുന്നു. ഇതേത്തുടര്‍ന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫുട്ബോള്‍ ടോഗോ ടീമിന് രണ്ട് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി താന്‍ രാജ്യത്തിന് വേണ്ടി കളിച്ചുവരികയാണ്.

ഇതിനിടയില്‍ അങ്കോളയിലെ ദുരന്തം മാറ്റി നിര്‍ത്തിയാല്‍ എല്ലാം നല്ല ഓര്‍മ്മകള്‍ മാത്രമായിരുന്നു എന്നും അഡെബയോര്‍ പറഞ്ഞു. 2008 വര്‍ഷത്തിലെ ആഫ്രിക്കന്‍ പ്ലേയര്‍ ഓഫ് ദി ഇയര്‍ അംഗീകാരവും അഡെബയോര്‍ നേടിയിട്ടുണ്ട്. ആഴ്സണല്‍ താരമായിരുന്ന ഇമ്മാനുവല്‍ അഡബായോറിനെ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയത് 2.5 കോടി പൗണ്ടിനാണ്. അഡബായോറിനുമായി അഞ്ചുവര്‍ഷത്തേക്കാണ് സിറ്റിയുമായുള്ള കരാര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :