അഭിറാം മനോഹർ|
Last Modified ബുധന്‍, 2 മാര്‍ച്ച് 2022 (20:23 IST)
യുക്രെയ്നെ ആക്രമിച്ച റഷ്യൻ നടപടിക്കെതിരെ കായികലോകത്ത് വീണ്ടും തിരിച്ചടി.മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് റഷ്യയുടെയും ബെലാറസിന്റെയും അത്ലറ്റുകളെ വിലക്കാൻ വേൾഡ് അത്ലറ്റിക്സ് തീരുമാനം. വേള്‍ഡ് അത്ലറ്റിക്സ് ഭരണസമിതി യോഗം ചേര്‍ന്നാണ് അത്ലറ്റുകളെ വിലക്കാനുള്ള തിരുമാനമെടുത്തത്.
റഷ്യയില്‍ നിന്നും ബെലാറസില്‍ നിന്നുമുള്ള എല്ലാ അത്ലറ്റുകള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ഒഫീഷ്യലുകള്‍ക്കും ലോക അത്ലറ്റിക്സുമായി ബന്ധപ്പെട്ട എല്ലാ മത്സരങ്ങളിലും വിലക്ക് ബാധമായിരിക്കും. നേരത്തെ മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും റഷ്യയെ ഫിഫയും യുവേഫയും ലോക ബാഡ്മിന്റണ്‍ ഫെഡറേഷനും സ്കീയിംഗ് ഫെഡറേഷനും വിലക്കേർപ്പെടുത്തിയിരുന്നു.
ഉത്തേജക ഉപയോഗത്തിന്റെ പേരില്‍ റഷ്യന്‍ ഫെഡറേഷനെ 2015 മുതല്‍ വേള്‍ഡ് അത്ലറ്റിക്സ് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.അതിനാൽ തന്നെ റഷ്യയ്ക്ക്
നിലവില്‍ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നതിനോ റഷ്യന്‍ പതാകക്ക് കീഴില്‍ കായിക താരങ്ങള്‍ക്ക് മത്സരിക്കുന്നതിനോ കഴിഞ്ഞിരുന്നില്ല. അംഗീകൃത നിഷ്പക്ഷ കായികതാരം എന്ന ലേബലിലാണ് നിലവിൽ റഷ്യൻ അത്ലറ്റുകൾ മത്സരിച്ചിരുന്നത്.എന്നാല്‍ ഈ വര്‍ഷം ഈ പദവി ലഭിച്ചവര്‍ക്കും വേള്‍ഡ് അത്ലറ്റിക്സിന്റെ മത്സരങ്ങളില്‍ പങ്കെടുക്കാനാവില്ല.