ആറ്റുകാല്‍ പൊങ്കാല മഹോത്സവം

WEBDUNIA|
പൊങ്കാലകലത്തിലെ മണ്ണ് അസ്ഥിരമായ ശരീരത്തിന്‍റെ പ്രതീകമാണ്. സ്വന്തം ശരീരം ദേവിക്കു സമര്‍പ്പിക്കുന്നു എന്നര്‍ത്ഥം.

ഒന്നാം ദിവസം പച്ചപ്പന്തല്‍ കെട്ടി നിശ്ഛിതമുഹൂര്‍ത്തത്തില്‍ കണ്ണകി ചരിതം പ്രകീര്‍ത്തിച്ചുകൊണ്ട് പാട്ടുപാടി ദേവിയെ കുടിയിരുത്തുന്നു. കൊടുങ്ങല്ലൂര്‍ ഭഗവതിയെ ആവാഹിച്ചു കൊണ്ടു വന്ന് ഈ പത്തു ദിവസവും കുടിയിരുത്തുന്നതായിട്ടാണ് സങ്കല്പം.

പാട്ടു തുടങ്ങിയാല്‍ പൊങ്കാല വരെ എല്ലാ ദിവസങ്ങളിലും ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമേ വിവിധ കലാപരിപാടികളും അവതരിപ്പിക്കുന്നു.

മിക്കവാറും എല്ലാ ദിവസവും പൂജ കഴിഞ്ഞ് നടയടയ്ക്കുന്നതിന് മുന്‍പ് വിവിധ വര്‍ണക്കടലാസുകളാലും ആലക്തിക ദീപങ്ങളാലും അലംകൃതങ്ങളായ ദേവീ വിഗ്രഹം വഹിച്ചു കൊണ്ടുള്ള നേര്‍ച്ച വിളക്കുകെട്ടുകള്‍ ക്ഷേത്രത്തിനു ചുറ്റും നൃത്തം വയ്ക്കാറുണ്ട്.

ഉത്സവത്തിന്‍റെ ഒന്‍പതാം ദിവസമാണ് വിശ്വപ്രസിദ്ധമായ പൊങ്കാല നടക്കുന്നത്.

ക്ഷേത്രത്തിന്‍റെ മുന്‍വശത്ത് പച്ചപന്തലിലിരുന്ന് പാടുന്ന കണ്ണകീ ചരിതത്തില്‍ പാണ്ഡ്യരാജാവിന്‍റെ വധം നടക്കുന്ന ഭാഗം പാടിക്കഴിഞ്ഞ ഉടന്‍ തന്നെ പ്രധാന പൂജാരി പണ്ടാര അടുപ്പില്‍ തീ കത്തിക്കുന്നു.

തുടര്‍ന്ന് നടക്കുന്ന ചെണ്ട മേളവും, കതിനാവെടിയും പുറമെയുള്ള പൊങ്കാല അടുപ്പുകളില്‍ തീ കത്തിക്കുന്നതിന് സൂചന നല്‍കുന്നു. പൊങ്കാലക്കളങ്ങളായി മാറിക്കഴിഞ്ഞ ക്ഷേത്രത്തിന് ചുറ്റുപാടില്‍ ഉദ്ദേശം അഞ്ചു കിലോമീറ്റര്‍ ദൂരം അടുപ്പുകൂട്ടി നിര്‍ന്നിമേഷരായി പ്രതീക്ഷിച്ചിരിക്കുന്ന സ്ത്രീജനങ്ങള്‍ കുരവയോടെ തങ്ങളുടെ അടുപ്പില്‍ തീ കത്തിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :