aparna shaji|
Last Modified വെള്ളി, 16 ഡിസംബര്‍ 2016 (14:58 IST)
വളരുക, വളരും തോറും പിളരുക, പിളർന്നാൽ മാത്രമേ എല്ലാവർക്കും മന്ത്രിയാകാൻ കഴിയൂള്ളു. കേരള കോണ്‍ഗ്രസ് എന്നും അനുവര്‍ത്തിച്ചുപോരുന്ന പിളർപ്പിന്റെ ആ ചരിത്രം 2016ലും ആവർത്തിച്ചു. യു ഡി എഫിന്റെ അടിത്തറ ഇറക്കിയ മുഖ്യഘടക കക്ഷികളിൽ ഒന്നായിരുന്നു കേരള കോൺഗ്രസ് (എം).
ഇനിമുതൽ തങ്ങൾക്ക് യു ഡി എഫുമായി യാതോരു ബന്ധവുമില്ലെന്ന് പരക്കെ പ്രഖ്യാപിച്ച് കെ എം മാണിയും കൂട്ടരും പടിയിറങ്ങി.
നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്ന് ആഗസ്റ്റ് 7ന് ചരൽക്കുന്നിൽ നടന്ന യോഗത്തിൽ മാണിയും കൂട്ടരും തീരുമാനിച്ചു. കേരള രാഷ്ട്രീയത്തിൽ തന്നെ ഞെട്ടിക്കുന്ന വാർത്തയായിരുന്നു ആ ദിവസങ്ങളിൽ മാണി പുറത്ത് വിട്ടത്. യു ഡി എഫ് വിടാനുള്ള തീരുമാനം പാർട്ടി ഒറ്റക്കെട്ടായിട്ടായിരുന്നു സ്വീകരിച്ചത്. കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം നേതാക്കള്‍ക്കെതിരെ രൂക്ഷമായവിമര്‍ശനം ഉന്നയിച്ചാണ് മാണി പാർട്ടി വിട്ടത്. ശത്രുക്കളെ പോലെ ചിലര്‍ പെരുമാറിയെന്നും മാണി പറഞ്ഞിരുന്നു.
പാര്‍ട്ടിയുടെ ആത്മാഭിമാനം ചിലർ വ്രണപ്പെടുത്തിയ സാഹചര്യത്തില്‍ സ്വതന്ത്ര വീക്ഷണത്തോടെ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്നതിനും സഹായകമായി നിയമസഭയില്‍ പ്രത്യേകം ബ്ലോക്കായി ഇരിക്കുന്നതിന് പാര്‍ട്ടി തീരുമാനിച്ചു. യു ഡി എഫ് വിട്ട് ഒരു സ്വതന്ത്ര ബ്ലോക്കായി ഇരിക്കുവാന്‍ ഇതുമൂലം പാര്‍ട്ടി തീരുമാനമെടുക്കുകയായിരുന്നു.
''ആരെയും ശപിച്ചുകൊണ്ടല്ല പോകുന്നത്. ഞങ്ങളുടെ വേദനകൊണ്ട് ഞങ്ങള്‍ പോകുന്നു. ഞങ്ങളെ പോകാന്‍ അനുവദിച്ചാല്‍ മാത്രം മതി’ പാർട്ടിയിൽ നിന്നും പടിയിറങ്ങിയപ്പോൾ മാണി പറഞ്ഞ വാക്കുകൾ ആണിത്. ഉള്ളിൽ എവിടെയോ ഒരു തിരി സങ്കടത്തിന്റെ ചാലുകൾ ഇല്ലേ എന്ന് സംശയം.