ന്യൂഡല്‍ഹി|
Joys Joy|
Last Modified ഞായര്‍, 11 ജനുവരി 2015 (11:37 IST)
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഊര്‍ജ്ജിതമാകുന്നു. അന്വേഷണത്തിന്റെ ഭാഗമായി ദില്ലി പൊലീസ് തരൂരിന്റെ സഹായി നാരായണ്‍ സിംഗിന്റെ വീട്ടില്‍ പരിശോധന നടത്തി. നാരായണ്‍ സിംഗിന്റെ ഹിമാചല്‍ പ്രദേശിലുള്ള വീട്ടിലാണ് പൊലീസ് വിശദമായ പരിശോധന നടത്തിയത്.
ഇതിനിടെ, സുനന്ദയുടെ ആന്തരികാവയങ്ങളുടെ പരിശോധന വിദേശത്ത് നടത്തുന്നതിനുള്ള നടപടികളെക്കുറിച്ച് ദില്ലി പൊലീസ് അന്വേഷിച്ചു വരികയാണ്. സുനന്ദയുടെ മരണത്തിന് കാരണമായ വിഷാംശം കണ്ടെത്തുക എന്നതാണ് പരിശോധന കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. വിഷം ഏതെന്ന് കണ്ടെത്തിയാല്‍ അത് അന്വേഷണത്തില്‍ നിര്‍ണായകമാകും.
എന്നാല്‍ ആന്തരികാവയങ്ങളുടെ പരിശോധനാഫലം ലഭിക്കാന്‍ ചുരുങ്ങിയത് ഒരു മാസമെങ്കിലും എടുക്കുമെന്നാണ് കരുതുന്നത്. ഇത്തരത്തിലുള്ള പരിശോധന നടത്തുന്നതിന് 34 രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ധാരണയുണ്ട്. എന്നാല്‍ , അമേരിക്ക, യു കെ തുടങ്ങി ഏതെങ്കിലും ഒരു രാജ്യത്ത് ആയിരിക്കും പരിശോധന നടക്കുക.