വളര്‍മതിക്ക് ശ്രീരംഗത്ത് തകര്‍പ്പന്‍ ജയം

ചെന്നൈ| Joys Joy| Last Modified തിങ്കള്‍, 16 ഫെബ്രുവരി 2015 (16:39 IST)
ശ്രീരംഗം ഉപതെരഞ്ഞെടുപ്പില്‍ എ ഐ എ ഡി എം കെ സ്ഥാനാര്‍ത്ഥി വളര്‍മതിക്ക് തകര്‍പ്പന്‍ ജയം. 90, 000ത്തിനു മുകളില്‍ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വളര്‍മതി ഡി എം കെ സ്ഥാനാര്‍ത്ഥി എന്‍ ആനന്ദിനെ പരാജയപ്പെടുത്തിയത്.
അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ശ്രീരംഗത്തിന്റെ എം എല്‍ എ ആയിരുന്ന ജയലളിതയുടെ നിയമസഭാംഗത്വം റദ്ദു ചെയ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ശ്രീരംഗത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

ശ്രീരംഗത്തിന്റെ വിധി ജയലളിതയുടെ വിധിയോടുള്ള തമിഴകത്തിന്റെ പ്രതികരണമായിരിക്കും എന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ എ ഐ എ ഡി എം കെയുടെ നിലപാട്. 2011 ല്‍ 41,848 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ജയലളിത ശ്രീരംഗത്തു നിന്ന് വിജയിച്ചത്. ആ ഭൂരിപക്ഷമാണ് ഉപതെരഞ്ഞെടുപ്പില്‍ തൊണ്ണൂറായിരത്തിനു മുകളില്‍ കടന്നിരിക്കുന്നത്. മണ്ഡലം നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി എ ഐ ഡി എം കെ ശക്തമായ പ്രചാരണം നടത്തിയിരുന്നു.

2011ല്‍ ജയലളിത അധികാരമേറ്റ ശേഷം നടക്കുന്ന അഞ്ചാമത് ഉപതെരഞ്ഞെടുപ്പാണിത്. തിരുച്ചിറപ്പള്ളി വെസ്റ്റ്, ശങ്കരന്‍ കോവില്‍, പുതുക്കോട്ട, ആലന്തൂര്‍ എന്നീ നാല് ഉപതെരഞ്ഞെടുപ്പുകളിലും അണ്ണ ഡി എം കെ ആയിരുന്നു വിജയിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നടന്ന ആലന്തൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാത്രമായിരുന്നു അണ്ണ ഡി എം കെ ഭൂരിപക്ഷം ഉയരാതിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :