ജയലളിതയുടെ വിധിക്ക് വളര്‍മതിയോട് ഉത്തരം പറയും

ചെന്നൈ| Joys Joy| Last Updated: ശനി, 17 ജനുവരി 2015 (16:13 IST)
‘അമ്മ’യ്ക്ക് നാലുവര്‍ഷം തടവുശിക്ഷ വിധിച്ച കോടതിവിധിയോടുള്ള നിലപാട് തമിഴ് മക്കള്‍ വളര്‍മതിയോട് പറയും. ശ്രീരംഗത്ത് ഫെബ്രുവരി 13നാണ് ഉപതെരഞ്ഞെടുപ്പ്. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ബംഗളൂരുവിലെ പ്രത്യേക കോടതി ജയലളിതയെ നാലുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ജയലളിതയ്ക്ക് എം എല്‍എ സ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും നഷ്‌ടമായിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീരംഗത്ത് ഉപതെരഞ്ഞെടുപ്പ് അനിവാര്യമായി വന്നത്. ശിക്ഷാകാലാവധിയായ നാലുവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും ജയലളിതയ്ക്ക് വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് വളര്‍മതി ശ്രീരംഗത്ത് എഐഎഡിഎംകെയുടെ മത്സരാര്‍ത്ഥിയാകുന്നത്.

പാര്‍ട്ടിയുടെ തിരുച്ചിറപ്പള്ളി അര്‍ബന്‍ ജില്ല ജോയിന്റ് സെക്രട്ടറിയാണ് വളര്‍മതി. തനിക്കു പകരം വളര്‍മതി തെരഞ്ഞെടുപ്പു ഗോഥയില്‍ ഇറങ്ങുമെന്ന് തന്നെയാണ് അറിയിച്ചത്. അമ്മയുടെ അനുഗ്രഹവും ആശിര്‍വാദവും ശ്രീരംഗത്ത് വളര്‍മതിക്ക് വിജയം സമ്മാനിക്കുമെന്നാണ് കരുതുന്നത്. പോയസ് ഗാര്‍ഡനിലെ ജയലളിതയുടെ വീട്ടിലെത്തി വളര്‍മതി അനുഗ്രഹം തേടിയിരുന്നു. 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ജയലളിതയോട് പരാജയപ്പെട്ട ഡിഎംകെ സ്ഥാനാര്‍ത്ഥി എന്‍ ആനന്ദ് തന്നെ ആയിരിക്കും ഇത്തവണയും ശ്രീരംഗത്തെ ഡിഎംകെ സ്ഥാനാര്‍ത്ഥി. 42, 000 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ജയലളിത അന്ന് ആനന്ദിനെ പരാജയപ്പെടുത്തിയത്. ശ്രീരംഗത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്നുതന്നെ ഡിഎംകെ സ്ഥാനാര്‍ത്ഥി ആനന്ദ് ആയിരിക്കുമെന്ന് കരുണാനിധി പ്രഖ്യാപിച്ചിരുന്നു.

തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ശ്രീരംഗത്ത് ജയലളിത എത്തുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. ജാമ്യം നേടി ബംഗളൂരുവില്‍ നിന്ന് ചെന്നൈയില്‍ തിരിച്ചെത്തിയതിനു ശേഷം ജയലളിത പുറത്തേക്ക് അങ്ങനെ ഇറങ്ങിയിട്ടില്ല. പതിവു തെറ്റിക്കാതെ എത്തിയിരുന്ന മാര്‍ഗഴി സംഗീത നിശയ്ക്കും ഇത്തവണ ജയലളിത എത്തിയിരുന്നില്ല. അതുകൊണ്ടു തന്നെ ശ്രീരംഗത്ത് ജയയുടെ സാന്നിധ്യമുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഒക്‌ടോബര്‍ 17ന് ജാമ്യം അനുവദിച്ചപ്പോള്‍ ജാമ്യക്കാലയളവില്‍ ചെന്നൈയിലെ വസതിയില്‍ തന്നെ കഴിയണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്കിയിരുന്നു. വീടു വിട്ട് എങ്ങോട്ടും പോവില്ലെന്ന് ജയലളിത കോടതിയില്‍ ഉറപ്പു നല്കുകയും ചെയ്തിരുന്നു.

ഡിസംബറില്‍ ജയലളിതയുടെ ജാമ്യം നാലുമാസത്തേക്ക് കൂടി നീട്ടി സുപ്രീംകോടതി ഉത്തരവിറക്കിയിരുന്നു. വിചാരണ കോടതി വിധിച്ച നാല് വര്‍ഷം തടവും 100 കോടി പിഴശിക്ഷയും സ്റ്റേചെയ്ത സുപ്രീംകോടതി ഒക്ടോബര്‍ 17നാണ് ജയലളിതക്ക് ജാമ്യം അനുവദിച്ചത്. ആ ജാമ്യകാലാവധിയാണ് വീണ്ടും നാല് മാസത്തേക്ക് കൂടി നീട്ടി നല്‍കിയത്. വിചാരണക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലില്‍ മൂന്നു മാസത്തിനകം തീരുമാനമുണ്ടാകണമെന്നും ഇതിനായി ഹൈക്കോടതിയില്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

അഴിമതി നിരോധന നിയമപ്രകാരം മുഖ്യമന്ത്രി പദവിയിലിരിക്കെ ജയിലിലാകുന്ന ആദ്യ മുഖ്യമന്ത്രിയാണ് ജയലളിത. ഏപ്രില്‍ 2016ല്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട്ടില്‍ ഇപ്പോള്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം രാഷ്‌ട്രീയനിരീക്ഷകര്‍ കാത്തിരിക്കുകയാണ്. ജയലളിതയുടെ വിധിയോടുള്ള തമിഴകത്തിന്റെ നിലപാട് ഈ വിധിയെഴുത്തില്‍ അറിയാന്‍ കഴിയുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്. തമിഴ്നാട് സ്റ്റേറ്റ് ആയതിനു ശേഷം ഇതുവരെ ശ്രീരംഗത്തു നടന്ന 10 തെരഞ്ഞെടുപ്പുകളില്‍ എട്ടു മത്സരങ്ങളിലും എഡിഎംകെ തന്നെയാണ് വിജയിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ഇത്തവണയും വിജയത്തില്‍ കുറഞ്ഞതൊന്നും എഐഎഡിഎംകെ പ്രതീക്ഷിക്കുന്നില്ല.

അടുത്ത പേജില്‍ വായിക്കുക - സംഖ്യാശാസ്ത്രം വളര്‍മതിയെ രക്ഷിക്കുമോ ?



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :