റയില്‍ ബജറ്റ് ഇന്ന്, യാത്രാ നിരക്കില്‍ മാറ്റമുണ്ടാവില്ല

ന്യൂഡല്‍ഹി| WEBDUNIA|
PTI
രണ്ടാം യുപി‌എ സര്‍ക്കാരിന്റെ 2011 - 2012 വര്‍ഷത്തെ റയില്‍‌വെ ബജറ്റ് മമതാ ബാനര്‍ജി വെള്ളിയാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്ക് ആണ് ബജറ്റ് അവതരിപ്പിക്കുക. പശ്ചിമ ബംഗാള്‍, കേരളം, തമിഴ്നാട് എന്നിവിടങ്ങള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഉടന്‍ നടക്കാനിരിക്കുന്നതിനാല്‍ ജനപ്രിയ ബജറ്റാണ് പ്രതീക്ഷിക്കുന്നത്.

യാത്രാനിരക്കുകള്‍ കൂട്ടുന്നത് ഒഴിവാക്കി കഴിവതും ജനസൌഹൃദം പിടിച്ചുപറ്റാനായിരിക്കും മമതാ ബാനര്‍ജി ശ്രമിക്കുന്നത്. എന്നാല്‍, സാമ്പത്തിക പരാധീനതകളില്‍ പെട്ടുഴലുന്ന റയില്‍‌വെ, ചരക്ക് കൂലിയില്‍ വര്‍ദ്ധന വരുത്തി പിടിച്ചു നില്‍ക്കാന്‍ നോക്കിയേക്കും. വനിതകള്‍ക്കും മുതിര്‍ന്ന പൌരന്‍‌മാര്‍ക്കും ഇളവുകള്‍ പ്രഖ്യാപിക്കുന്നതും സുരക്ഷ ഉറപ്പാക്കുന്നതുമായ ഒരു റയില്‍‌വെ ബജറ്റായിരിക്കും ഇതെന്ന് കരുതുന്നു.

കഴിഞ്ഞ വര്‍ഷത്തെ റയില്‍‌വെ ബജറ്റില്‍ 100 പുതിയ വണ്ടികളാണ് പ്രഖ്യാപിച്ചത്. ഈ വര്‍ഷം 70 പുതിയ വണ്ടികളുടെ പ്രഖ്യാപനം ഉണ്ടായേക്കും.

കഴിഞ്ഞ വര്‍ഷം കേരളത്തിനു വേണ്ടി പ്രഖ്യാപിച്ച ഏഴ് പുതിയ വണ്ടികളില്‍ അഞ്ചെണ്ണം ഓടിത്തുടങ്ങിയിട്ടുണ്ട്. ഇത്തവണ സംസ്ഥാനത്തിന് മൂന്ന് പുതിയ വണ്ടികള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തുക വകയിരുത്തിയേക്കും. എന്നാല്‍, പാലക്കാട് കോച്ച് ഫാക്ടറിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തവണ തുക വകയിരുത്താന്‍ ഇടയില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :