മുല്ലപ്പെരിയാര്‍: ജസ്റ്റിസ് ലക്ഷ്മണ്‍ തമിഴ്നാട് പ്രതിനിധി

ചെന്നൈ| WEBDUNIA|
PRO
മുല്ലപ്പെരിയാര്‍ തര്‍ക്കം പരിഹരിക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ദ സമിതിയിലേക്ക് തമിഴ്നാട് പ്രതിനിധിയെ നിയോഗിച്ചു. മുന്‍ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ എ ആര്‍ ലക്ഷ്മണനെയാണ് തമിഴ്നാട് നിയോഗിച്ചിരിക്കുന്നത്. നിയമസഭയില്‍ മുഖ്യമന്ത്രി എം കരുണാനിധിയാണ് ഇക്കാര്യം അറിയിച്ചത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളവും തമിഴ്നാടും തമ്മിലുള്ള തര്‍ക്ക വിഷയങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എ എസ് ആനന്ദിന്‍റെ അധ്യക്ഷതയില്‍ വിദഗ്ദസമിതിയെ രൂപീകരിച്ചിരുന്നു. സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഇത്.

ആദ്യഘട്ടത്തില്‍ സമിതിയെ അംഗീകരിക്കാതിരുന്ന തമിഴ്നാട് സമിതിയിലേക്ക് പ്രതിനിധിയെ അയയ്ക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിനിടയില്‍ സമിതിയുടെ ചെലവ്‌ സംസ്ഥാനങ്ങള്‍ തന്നെ വഹിക്കണമെന്ന്‌ കേന്ദ്ര സര്‍ക്കാരും അപേക്ഷ നല്‍കിയതോടെ സമിതി രൂപീകരണം നീണ്ടു പോകുകയായിരുന്നു.

എന്നാല്‍, തമിഴ്‌നാടിന്‍റെയും കേന്ദ്രത്തിന്‍റെയും ആവശ്യം തള്ളിയ സുപ്രീംകോടതി സമിതി ഉടന്‍ രൂപീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പ്രത്യേക സമിതിയിലെ കേരളത്തിന്‍റെ പ്രതിനിധി മുന്‍ സുപ്രീംകോടതി ജഡ്ജി കെ ടി തോമസ് ആണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :