മുല്ലപ്പെരിയാര്‍: അന്തിമവാദം ഇന്ന് തുടങ്ങും

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 19 ജനുവരി 2010 (09:44 IST)
PRO
മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീം‌കോടതിയില്‍ ഇന്ന് അന്തിമവാദം ആരംഭിക്കും. ജസ്റ്റിസ് ഡികെ ജയിനിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുക.

ഇരു സംസ്ഥാനങ്ങളുടെയും ഓരോ സീനിയര്‍ അഭിഭാഷകരുടെ വാദം മാത്രമേ കേള്‍ക്കൂ എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ പരിശോധിക്കണമെന്ന കാര്യം വാദം കേള്‍ക്കുന്ന സമയത്ത് പരിഗണിക്കാമെന്നും നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. വാദം പൂര്‍ത്തിയാക്കാന്‍ ഒന്‍പത് ദിവസം വേണ്ടി വരുമെന്നാണ് ഇരുസംസ്ഥാനങ്ങളും കോടതിയെ അറിയിച്ചിട്ടുള്ളത്.

ജസ്റ്റിസുമാരായ ഡി കെ ജയിന്‍, മുകുന്ദകം ശര്‍മ്മ, ആര്‍ എം ലോധ, ബി സുദര്‍ശന റെഡ്ഡി, ദീപക്‌ വര്‍മ്മ എന്നിവരാണ്‌ ഭരണഘടനാ ബെഞ്ചിലെ അംഗങ്ങള്‍. ഇതില്‍ ഡി കെ ജയിന്‍, മുകുന്ദകം ശര്‍മ്മ, ആര്‍ എം ലോധ എന്നിവര്‍ നേരത്തെ കേസില്‍ വാദം കേട്ടവരാണ്. നവംബര്‍ പത്തൊമ്പതിനാണ് കേസ് പരിഗണിക്കാന്‍ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചത്.

പ്രാരംഭവാദ വേളയില്‍ ഡാമിന്‍റെ സുരക്ഷയെക്കുറിച്ച് പഠിക്കുന്നതിനായി വിദഗ്ധസമിതിയെ നിയോഗിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇരു സംസ്ഥാനങ്ങളും അഭിപ്രായ ഐക്യത്തിലെത്താത്തതിനെ തുടര്‍ന്ന് ഇക്കാര്യം കോടതി മാറ്റിവെക്കുകയായിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പു 136 അടിയില്‍ നിന്ന് 142 അടിയായി ഉയര്‍ത്താന്‍ 2006 ഫെബ്രുവരിയില്‍ ഭരണഘടനയുടെ മൂന്നംഗ ബെഞ്ച് അനുമതി നല്കിയിരുന്നു. എന്നാല്‍, ഈ വിധിക്ക്‌ തൊട്ടുപിന്നാലെ നിയമഭേദഗതിയിലൂടെ ഡാം സുരക്ഷാ അതോറിറ്റി രൂപീകരിച്ച കേരളത്തിന്‍റെ നടപടിയെ ചോദ്യം ചെയ്‌ത് തമിഴ്‌നാട് സമര്‍പ്പിച്ച ഹര്‍ജിയാണ്‌ കോടതി പരിഗണിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :