ഡാം ഡിസൈന്‍ കമ്മിറ്റി ഇന്ന് മുല്ലപ്പെരിയാറില്‍

ഇടുക്കി| WEBDUNIA|
PRO
PRO
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതിനായുള്ള സ്ഥലം ഡാം ഡിസൈന്‍ കമ്മിറ്റി ഇന്ന് സന്ദര്‍ശിക്കും. ചെയര്‍മാന്‍ എം കെ പരമേശ്വരന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം പരിശോധന നടത്തുക.

മുല്ലപ്പെരിയാറില്‍ നിലവിലുളള അണക്കെട്ടിന്‍റെ നാനൂറ്‌ മീറ്റര്‍ താഴെയായിട്ടാണ്‌ പുതിയ അണക്കെട്ട്‌ നിര്‍മിക്കാന്‍ കഴിയുമോ എന്ന്‌ പരിശോധിക്കുന്നത്‌. ഇവിടുത്തെ പാറയുടെ കാഠിന്യവും അനുബന്ധ വസ്തുതകളും പരിശോധനയ്‌ക്ക് വിധേയമാക്കും.

പുതിയ അണക്കെട്ടിനായി നേരത്തെ സര്‍വേ നടത്തി തീരുമാനിച്ച അലൈന്‍മെന്‍റ് മാറ്റാന്‍ ഡാം ഡിസൈന്‍ കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ സ്ഥലത്ത്‌ നടത്തിയ സര്‍വേ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ്‌ ഡാം ഡിസൈന്‍ കമ്മിറ്റി സന്ദര്‍ശനം നടത്തുന്നത്‌.

ആദ്യഘട്ടത്തില്‍ നിലവിലുളള അണക്കെട്ടില്‍ നിന്ന്‌ അറുന്നൂറ്‌ മീറ്റര്‍ താഴെയായിരുന്നു സര്‍വേ നടത്തി പുതിയ ഡാമിനായി അലൈന്‍മെന്‍റ് തീരുമാനിച്ചത്‌. ഈ സ്ഥലത്തു കൂടി ഒരു നീര്‍ച്ചാല്‍ ഒഴുകുന്നതിനാല്‍ അത്‌ ഒഴിവാക്കുകയായിരുന്നു.

സര്‍വേ പൂര്‍ത്തിയായതിനു ശേഷം സ്ഥലം സന്ദര്‍ശിച്ച ഡാം ഡിസൈന്‍ കമ്മിറ്റിയാണ്‌ അലൈന്‍മെന്‍റ് മാറ്റണമെന്ന്‌ നിര്‍ദേശിച്ചത്‌. തുടര്‍ന്ന് നിലവിലെ ഡാമില്‍ നിന്ന്‌ 400 മീറ്റര്‍ താഴെയായുള്ള ഭാഗം സര്‍വേ നടത്തി. സര്‍വേ പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഡാം ഡിസൈന്‍ കമ്മിറ്റി ഇന്ന് സന്ദര്‍ശനം നടത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :