മംഗള്‍‌യാന്റെ വേഗത കൂട്ടി

ബാംഗ്ലൂര്‍| WEBDUNIA|
PRO
മംഗള്‍യാനെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കുന്നതിനുള്ള തിരുത്തല്‍ പ്രക്രിയകളില്‍ ആദ്യത്തേത് ഐഎസആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കി. പേടകത്തിലെ 22 ന്യൂട്ടണ്‍ എഞ്ചിന്‍ ജ്വലിപ്പിച്ച് വേഗത്തില്‍ വ്യതിയാനം വരുത്തി. ഇതിലൂടെ പേകടത്തിന് സെക്കന്‍ഡില്‍ 7.6 മീറ്റര്‍ വേഗംകൂടി. 44 സെക്കന്‍ഡ് എഞ്ചിന്‍ ജ്വലിപ്പിച്ചാണ് വേഗതകൂട്ടിയത്. രാവിലെ ആറരയോടെയാണ് കൂട്ടിയത്.

ചൊവ്വയുടെ ലക്ഷ്യമിട്ടിട്ടുള്ള ഭ്രമണപഥത്തില്‍ മംഗള്‍യാനെ കൃത്യമായി എത്തിക്കാനുള്ളതായിരുന്നു ബുധനാഴ്ചത്തെ തിരുത്തല്‍ പ്രക്രിയ. ഇതിലൂടെ ആര്‍ജിക്കുന്ന വേഗം പേടകത്തെ ചൊവ്വയുടെ ഏറ്റവും അടുത്ത ദൂരമായ പെരിജി 500 കിലോമീറ്ററിലും ഏറ്റവും അകലെയുള്ള ദൂരമായ അപ്പോജി 80000 കിലോമീറ്ററിലും സ്ഥിതിചെയ്യുന്ന ഭ്രമണപഥത്തില്‍ എത്തിക്കും. ഭൂമിയില്‍ 29 ലക്ഷം കിലോമീറ്റര്‍ അകലെയാണ് പേടകം ഇപ്പോള്‍.

ഭൂമിയുടെ ആകര്‍ഷണവലയത്തിന് പുറത്തുകടന്നശേഷം ഇതാദ്യമായാണ് പേടകത്തിന്റെ ദിശയിലും വേഗത്തിലും മാറ്റം വരുത്തുന്നത്. ചൊവ്വയുടെ പര്യവേക്ഷണം വിജയകരമാക്കുന്നതിന് ആവശ്യമെങ്കില്‍ നാല് തിരുത്തലുകള്‍ നടത്താനുള്ള അവസരമാണ് ഐ.എസ്.ആര്‍.ഒ.ക്ക് ലഭിക്കുന്നത്. ഇതില്‍ ആദ്യത്തെ നടപടിയാണ് ബുധനാഴ്ച രാവിലെ ശാസ്ത്രജ്ഞര്‍ നടത്തിയത്.

മുപ്പത് ലക്ഷം കിലോമീറ്റര്‍ പിന്നിടുന്നതോടെ ഇപ്പോള്‍ ഐ.എസ്.ആര്‍.ഒ.യുടെ സന്ദേശം പേടകത്തിലേക്ക് എത്താനും തിരിച്ച് മംഗള്‍യാന്റെ മറുപടി നമുക്ക് ലഭിക്കാനും 9 സെക്കന്‍ഡ് വീതം വേണ്ടിവരുന്നു.

ഡിസംബര്‍ ഒന്നിന് മംഗള്‍യാനെ ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്ന് മാറ്റുകയും തുടര്‍ന്ന് സൂര്യന്റെ സഞ്ചാരപഥത്തിലേക്ക് പ്രവേശിക്കുകയും ചെയ്തിരുന്നു. ഭൂമിയില്‍ നിന്ന് ഒന്‍പതേകാല്‍ ലക്ഷം കിലോമീറ്റര്‍ കടന്നപ്പോള്‍ ഭൂമിയുടെ ആകര്‍ഷണവലയത്തിന് പുറത്തായ പേടകം പൂര്‍ണമായും സൂര്യാകര്‍ഷണ സഞ്ചാരപഥത്തിലൂടെയാണ് കുതിക്കുന്നത്.

അകലം കൂടുന്നതോടെ സെക്കന്‍ഡുകളുടെ കാലതാമസം ക്രമേണ മിനിറ്റുകളിലെത്തും. ചൊവ്വയിലെത്തിയാല്‍ പിന്നെ, സന്ദേശം ഭൂമിയിലെ ആന്റിനയില്‍ എത്താന്‍ 20 മിനിറ്റുവരെ വേണ്ടിവരും. ഡിസംബര്‍ മൂന്നിനാണ് മംഗള്‍യാന്‍ സൂര്യാകര്‍ഷണ പാതയിലൂടെയുള്ള പ്രയാണം ആരംഭിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :