മംഗള്‍‌യാന്‍ ഭൂമിയോട് ഇന്നു വിട പറയും; ഇനി ചൊവ്വയില്‍ കാണാം!

ബംഗളുരു| WEBDUNIA|
PRO
PRO
ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്നു മംഗള്‍യാന്‍ ഇന്നു വിട പറയും. രാത്രി 12.49നു മംഗള്‍യാന്‍ നിര്‍ണായകമായ കുതിപ്പു നടത്തും. ഇനി യാത്ര ചൊവ്വയിലേക്കാണ്. മംഗള്‍യാന്റെ യാത്രയിലെ ഏറ്റവും സങ്കീര്‍ണവും അപകടകരവുമായ സഞ്ചാര കടമ്പയാണു മറികടക്കേണ്ടത്‌. ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്ന്‌ ചൊവ്വയിലേക്കു കടക്കാന്‍ ഗുരുത്വാകര്‍ഷണ വലയത്തില്‍നിന്നു പുറത്തുകടക്കണം. നവംബര്‍ അഞ്ചിനാണ്‌ 450 കോടി രൂപ മുതല്‍മുടക്കി മംഗള്‍യാന്‍ വിജയകരമായി വിക്ഷേപിച്ചത്‌.

ദീര്‍ഘവൃത്താകൃതിയില്‍ സഞ്ചരിക്കുന്ന പേടകം ഭൂമിക്ക്‌ ഏറ്റവും അടുത്തുവരുന്ന സമയം ട്രാന്‍സ്‌ മാര്‍സ്‌ ഇന്‍ജക്ഷന്‍ (ടിഎംഐ)എന്ന പ്രക്രിയയിലൂടെ ചൊവ്വയിലേക്കു തൊടുക്കുകയാണു ചെയ്യുന്നത്‌. ഈ സങ്കീര്‍ണപ്രക്രിയയ്‌ക്കായി പേടകത്തിനുള്ളിലെ ലിക്വിഡ്‌ അപ്പോജി മോട്ടോര്‍ എന്ന ബൂസ്‌റ്റര്‍ സംവിധാനത്തിലെ ഇന്ധനം കത്തിക്കും. ഇതോടെ വന്യമായ കരുത്തു നേടുന്ന പേടകം ഭൂമിയുടെ ആകര്‍ഷണവലയം ഭേദിച്ചു ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും.

ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കഴിഞ്ഞാല്‍ മോട്ടോറിന്റെ പ്രവര്‍ത്തനം പതിയെയാകും. പേടകത്തിന്റെ വേഗത കുറച്ച്‌ ചൊവ്വയുടെ ആകര്‍ഷണവലയത്തിനുള്ളില്‍ പുതിയൊരു സഞ്ചാരപഥം സൃഷ്‌ടിച്ച്‌ പുതിയ യാത്ര തുടങ്ങും. കിറുകൃത്യമായി നടന്നില്ലെങ്കില്‍ അതു പേടകത്തിന്റെ മൂന്നോട്ടുള്ള പ്രയാണത്തെ ബാധിക്കും.

ഏകദേശം 300 ദിവസം നീളുന്ന യാത്രയ്‌ക്കൊടുവില്‍ സെപ്‌റ്റംബര്‍ 14 ന്‌ പേടകം ചൊവ്വയില്‍ എത്തുംവിധമാണ്‌ നിലവില്‍ യാത്ര ഒരുക്കിയിരിക്കുന്നത്‌. അതിനായി ടിഎംഐ കൃത്യമായി നടക്കണമെന്നു ശാസ്‌ത്രജ്‌ഞര്‍ പറഞ്ഞു. വിവിധരാജ്യങ്ങള്‍ വിക്ഷേപിച്ച 51 ചൊവ്വാ പര്യവേക്ഷണ പേടകങ്ങളില്‍ 31 എണ്ണം പരാജയപ്പെട്ടത്‌ ഈ ഗുരുത്വാകര്‍ഷണ മതിലില്‍ തട്ടിയാണെന്നത്‌ ആശങ്ക കൂട്ടുന്നു.

ചിത്രത്തിന് കടപ്പാട്: centreright.in


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :