ബസുവിനെ ഹീമോ-ഡയാലിസിസിന് വിധേയനാക്കി

കൊല്‍ക്കത്ത| WEBDUNIA| Last Modified വെള്ളി, 15 ജനുവരി 2010 (09:49 IST)
മുതിര്‍ന്ന സിപിഐ (എം) നേതാവ് ജ്യോതിബസുവിന്റെ ആരോഗ്യ നില കൂടുതല്‍ വഷളായതായി അദ്ദേഹത്തെ ചികിത്സിക്കുന്ന എ‌‌എം‌ആര്‍‌ഐ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ബസുവിനെ വ്യാഴാഴ്ച വൈകിട്ട് ഹീമോ-ഡയാലിസിസിന് വിധേയനാക്കിയതായും ഡോക്ടര്‍മാര്‍ പറഞ്ഞു.

ബസുവിന്റെ ഹൃദയത്തിന്റെയും കിഡ്നികളുടെയും പ്രവര്‍ത്തനം കൂടുതല്‍ തകരാറിലായതിനെ തുടര്‍ന്ന് വൈകിട്ട് 6:30 ഓടെ ഹീമോ-ഡയാലിസിസിന് വിധേയമാക്കി എന്ന് ആശുപത്രി ഡയറക്ടര്‍ ഡി‌എന്‍ അഗര്‍വാള്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

രക്തത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനാണ് ഹീമോ-ഡയാലിസിസ് നടത്തിയത്. വെന്റിലേറ്റര്‍ സഹായത്തോടെ ശ്വസിക്കുന്ന ബസുവിന് ഇപ്പോള്‍ 90 ശതമാനം ഓക്സിജന്‍ ആവശ്യമുണ്ട്. അതായത്, അദ്ദേഹത്തിന് സ്വയമായി 10 ശതമാനം ഓക്സിജന്‍ മാത്രം സ്വീകരിക്കാനുള്ള കഴിവേ ഉള്ളൂ.

ബസുവിന്റെ ഒന്നിലധികം അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായതായി അദ്ദേഹത്തിന്റെ ഡോക്ടര്‍ എകെ മെയ്തി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇപ്പോള്‍ രക്ത സമ്മര്‍ദ്ദം ക്രമീകരിക്കാനുള്ള മരുന്നുകളുടെ ഡോസും വര്‍ദ്ധിപ്പിച്ചതായി ആശുപത്രിയധികൃതര്‍ പറഞ്ഞു. കടുത്ത ന്യുമോണിയ ബാധയെ തുടര്‍ന്ന് ജനുവരി ഒന്നിനാണ് ബസുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :