കാരാട്ട് പണം‌പറ്റിയെന്ന് ജനശക്തി

തിരുവനന്തപുരം| WEBDUNIA| Last Modified ഞായര്‍, 22 ഫെബ്രുവരി 2009 (09:46 IST)
കോവളം ഹോട്ടലുടമ ഗള്‍‌ഫാര്‍ മുഹമ്മദാലിയില്‍ നിന്ന് സി.പി.എം സെക്രട്ടറി പ്രകാശ് കാരാട്ട് പണം പറ്റിയെന്ന് ജനശക്തി വാരിക. ജനശക്തി വാരികയുടെ ഏറ്റവും പുതിയ ലക്കത്തില്‍ പത്രാധിപര്‍ ജി.ശക്തിധരന്‍ എഴുതിയ ലേഖനത്തിലാണ് ഈ വിവരമുള്ളത്. "പ്രകാശ്കാരാട്ട് ഹരിശ്ചന്ദ്രന്‍ ചമയരുത്'' എന്നാണ് ലേഖനത്തിന്‍റെ തലക്കെട്ട്.

ലേഖനത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ - ഇതിനെക്കാളും ഞെട്ടിക്കുന്നതാണ് കോവളം ഹോട്ടലുടമ ഗള്‍ഫാര്‍ മുഹമ്മദാലിയില്‍ നിന്ന് ലക്ഷങ്ങള്‍ പാര്‍ട്ടി ആസ്ഥാനത്തെത്തിയ സംഭവം. കോവളം കൊട്ടാരം ഗള്‍ഫാര്‍ മുഹമ്മദാലി അനധികൃതമായി കൈവശം വച്ചിരിക്കുന്നതിനെതിരെ തിരുവന്തപുരത്തെ സിപിഐ എം പ്രവര്‍ത്തകരുടെ പൊരിഞ്ഞ പോരാട്ടം നടക്കുന്നകാലം.

ഈ പ്രക്ഷോഭത്തില്‍ നിന്നും കരുതിക്കൂട്ടി വിട്ടുനിന്ന നേതാവ് ഒരുദിവസം രാത്രി 11 മണിയോടെ പാര്‍ട്ടി ആസ്ഥാനത്തെ കാറില്‍ കോവളത്തുനിന്നും എകെജി സെന്‍ററില്‍ തിരിച്ചെത്തുന്നു. കാറില്‍ നിന്നിറങ്ങുമ്പോള്‍ മാറോട് ചേര്‍ത്തുപിടിച്ച് വലിയ രണ്ടുപൊതികള്‍. മുകളിലെ മുറിയിലെക്ക് ലിഫ്റ്റില്‍ കയറും മുമ്പ് ഒരെ വലുപ്പമുള്ള ആ രണ്ടുപൊതികളിലൊന്ന് തന്നെ സ്വീകരിക്കാന്‍ കാത്തുനിന്നയാളെ ഏല്പിക്കുന്നു. (ആ രംഗത്തിന് തല്കാലം ഇവിടെ വിരാമമിടുന്നതില്‍ ക്ഷമിക്കുക).

മാസങ്ങള്‍ കഴിഞ്ഞു. ആ വലിയ പൊതി ഏറ്റുവാങ്ങിയ ആള്‍ക്ക് അത് കൈവിടേണ്ട സാഹചര്യം എകെജി സെന്‍ററില്‍ സൃഷ്ടിക്കപ്പെട്ടു. ഈ പൊതി ഏറ്റുവാങ്ങണമെന്നും അതിലെ തുകയ്ക്ക് രസീത് തരണമെന്നും പാര്‍ട്ടി ആസ്ഥാനത്തെ രണ്ടാം ചുമതലക്കാരനായ സെക്രട്ടേറിയറ്റംഗത്തെക്കണ്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍ നിസഹായത പ്രകടിപ്പിക്കുകയായിരുന്നു ഫലം.

പൊതി ഏല്പിച്ചയാളെത്തന്നെ തിരിച്ചേല്‍പ്പിക്കുന്നതാണ് നല്ലതെന്ന ഉപദേശവും. ഇതില്‍ തൃപ്തനാകാതെ പൊതി തിരിച്ചെടുക്കണമെന്ന് ശാഠ്യം പിടിച്ചപ്പോള്‍ ഒത്തുതീര്‍പ്പെന്ന നിലയില്‍ തുകയെണ്ണി തിട്ടപ്പെടുത്തി രസീത് നല്‍കി. 10 ലക്ഷം രൂപയായിരുന്നു അതിലുണ്ടായിരുന്നത്. അതേവലുപ്പമുള്ള മറ്റൊരു പൊതി സമുന്നത നേതാവ് കൊണ്ടുപോയെന്ന സത്യം അപ്പോള്‍ വെളിപ്പെടുത്തിയില്ല. പണം എകെജി സെന്‍റര്‍ കൈപ്പറ്റിയെങ്കിലും അത് വച്ചിരുന്ന ഒഴിഞ്ഞ കവര്‍ ഭദ്രമായി ഇദ്ദേഹം കയ്യില്‍ തന്നെ സൂക്ഷിച്ചു.

സംസ്ഥാന ഘടകത്തില്‍ വിഭാഗീയ ഏറ്റുമുട്ടലുകള്‍ കൊടുംപിരികൊള്ളുന്നതിനിടയില്‍ ഒരു ദിവസം തനിക്ക് ലഭിച്ച പത്ത് ലക്ഷം രൂപയുടെ രസീതും കയ്യില്‍ സൂക്ഷിച്ച ഒഴിഞ്ഞ കവറുമായി പ്രകാശ്കാരാട്ടിനെ ഇദ്ദേഹം സമീപിച്ച് നടന്നതെല്ലാം വെളിപ്പെടുത്തി. പണം സൂക്ഷിച്ചിരുന്ന കവറിനുപുറത്തെ പ്രശസ്ത സ്റ്റാര്‍ഹോട്ടലിലെ മുദ്ര തെളിവായി കാണിക്കുകയും ചെയ്തു. ഇതൊന്നുമില്ലെങ്കിലും പ്രകാശ്കാരാട്ടിന് ഇദ്ദേഹം പറയുന്നത് അതേപടി മുഖവിലക്കെടുക്കാവുന്നത്ര അടുപ്പം ഉണ്ടെന്നത് മറ്റൊരു കാര്യം. താനിത് സംസ്ഥാന കമ്മിറ്റിയില്‍ പറയാന്‍ പോകുകയാണെന്ന് കേട്ടപ്പോള്‍ പ്രകാശ് കാരാട്ട് ഞെട്ടി. പതിവുള്ള നടപടി പുറത്തുവന്നു.

"ഇപ്പോള്‍വേണ്ട. ഈ തീപ്പൊരി മതി ഭൂകമ്പമുണ്ടാകാന്‍. ഞാനിത് കൈകാര്യം ചെയ്യാം. അല്പം സമയം വേണം.'' പ്രകാശ് കാരാട്ടിന്‍റെ പതിവുള്ള ആശ്വാസ വാക്കുകള്‍. മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയി. വീണ്ടും വീണ്ടും പ്രകാശ് കാരാട്ടിനെ ഇക്കാര്യം ഓര്‍മ്മിപ്പിച്ചെങ്കിലും അരകല്ലിന് കാറ്റ് പിടിച്ച നിസഹായാവസ്ഥ ആയിരുന്നു പ്രകടമായത്.

ഏതായാലും ജനശക്തിയുടെ പുതിയ വെളിപ്പെടുത്തലുകള്‍ ഇതിനകം തന്നെ വിവാദങ്ങള്‍ പിന്തുടരുന്ന പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നുറപ്പ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :