ലാവ്‌ലിന്‍: നിര്‍ണ്ണായക പിബി ഇന്ന്

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 14 ഫെബ്രുവരി 2009 (09:42 IST)
ലാവ്‌ലിന്‍ കേസ് സബന്ധിച്ച വിവാദം ചര്‍ച്ച ചെയ്യുന്നതിന് സിപി‌എം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍. യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഇന്നലെ തന്നെ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. പാര്‍ട്ടി ആസ്ഥാനത്തെത്തിയ വി എസ് സീതാറാം യച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി.

സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മറ്റൊരു പൊളിറ്റ് ബ്യൂറോ അംഗമായ കോടിയേരി ബാലകൃഷ്ണനും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. വി എസ് ഇന്നലെയും കാര്യമായ വെളിപ്പെടുത്തലുകളൊന്നും നടത്തിയില്ല. രാജി വയ്ക്കുമോ എന്ന ചോദ്യത്തിന് അത് മാധ്യമങ്ങളുടെ ഭാവനയാണ് എന്നാണ് വി‌എസ് പ്രതികരിച്ചത്.

ലാവ്‌ലിന്‍ പ്രശ്നം സി പി എമ്മിനെ സംബന്ധിച്ച് സങ്കീര്‍ണ്ണമായി മാറുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. പിണറായിയേക്കാള്‍ കേന്ദ്രക്കമ്മിറ്റിയെയും പൊളിറ്റ് ബ്യൂറോയെയും വിഷയം വിവാദത്തിലാഴ്ത്തിയിരിക്കുന്നു. കാരാട്ടിന് ഇ ബാലാനന്ദന്‍ എഴുതി എന്നു പറയപ്പെടുന്ന കത്തും ഇന്ന് പി ബി ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്. ഇത്തരത്തില്‍ ഒരു കത്ത് ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് സിപി‌എം കേന്ദ്ര നേതൃത്വം.

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനടക്കമുള്ള മൂന്ന്‌ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമോയെന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ പിബി എന്തു നിലപാടേടുക്കുമെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. പിബിയുടെ നിലപാട് വി‌എസ് അംഗീകരിക്കുമോ എന്നതാവും കേരളത്തില്‍ പാര്‍ട്ടിയുടെ ഭാവി നിര്‍ണ്ണയിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :