പരാതി ഉന്നയിക്കുന്നവര്‍ വിധികര്‍ത്താക്കളാകുന്നെന്ന് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി| JOYS JOY| Last Modified തിങ്കള്‍, 20 ഏപ്രില്‍ 2015 (13:03 IST)
പരാതി ഉന്നയിക്കുന്നവര്‍ തന്നെ വിധികര്‍ത്താക്കളാകുന്ന സാഹചര്യമാണ് പാര്‍ട്ടിയില്‍ ഉള്ളതെന്ന് ആം ആദ്‌മി പാര്‍ട്ടി വിമത നേതാവ് പ്രശാന്ത് ഭൂഷണ്‍. പാര്‍ട്ടിയിലെ വിമതരുടെ യോഗം വിളിച്ചതിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു പ്രശാന്ത് ഭൂഷണ്‍.

ആരാണ് അച്ചടക്കസമിതിയില്‍ ഉള്ളതെന്നോ എപ്പോഴാണ് ഇങ്ങനെയൊരു കമ്മിറ്റി രൂപീകരിച്ചതെന്നോ തങ്ങളെ അറിയിച്ചിട്ടില്ല. അതിനാല്‍ തന്നെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കേണ്ടി വരുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയുടെ നയങ്ങളില്‍ പ്രതിഷേധിച്ച് യോഗേന്ദ്ര യാദവിന്റെയും പ്രശാന്ത് ഭൂഷന്റെയും നേതൃത്വത്തില്‍ ഹരിയാനയില്‍ പാര്‍ട്ടിയിലെ വിമതരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതിനാണ് രണ്ടു നേതാക്കള്‍ക്കും നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. കാരണം കാണിക്കല്‍ നോട്ടീസ് തമാശയാണെന്ന് നേരത്തെ യോഗേന്ദ്ര യാദവ് പ്രതികരിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :