എഎപിയുടെ കാരണം കാണിക്കല്‍ നോട്ടീസ് തമാശയെന്ന് യോഗേന്ദ്ര യാദവ്

ന്യൂഡല്‍ഹി| JOYS JOY| Last Modified ശനി, 18 ഏപ്രില്‍ 2015 (14:14 IST)
പാര്‍ട്ടി തനിക്ക് അയച്ച കാരണം കാണിക്കല്‍ നോട്ടീസ് തമാശയാണെന്നും നീതിന്യായത്തെ പരിഹസിക്കുന്നതാണെന്നും ആം ആദ്‌മി പാര്‍ട്ടിയിലെ വിമതനേതാവ് യോഗേന്ദ്ര യാദവ്. വെള്ളിയാഴ്ച രാത്രിയാണ് തനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതെന്നും യോഗേന്ദ്ര യാദവ് മാധ്യമങ്ങളോട് പറഞ്ഞു.

തങ്ങള്‍ പാര്‍ട്ടിവിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ആരോപിക്കുന്നവര്‍ തന്നെ ഇപ്പോള്‍ തങ്ങള്‍ പാര്‍ട്ടിവിരുദ്ധമായി പ്രവര്‍ത്തിച്ചോ ഇല്ലയോ എന്ന് വിധിക്കാന്‍ ശ്രമിക്കുകയാണെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.

ആശിഷ് ഖേതന്‍ നല്കിയ ഡസന്‍ കണക്കിന് അഭിമുഖങ്ങളില്‍ തനിക്കും പ്രശാന്ത് ഭൂഷണുമെതിരെ
പൌരാവകാശം സംബന്ധിച്ചതും അല്ലാത്തതുമായ ആരോപണങ്ങള്‍
ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, തങ്ങള്‍ അച്ചടക്കം ലംഘിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് അദ്ദേഹമാണ് വിധിക്കുന്നത്. ഇത് എന്തൊരു തമാശയാണെന്നും യോഗേന്ദ്ര യാദവ് ചോദിച്ചു.

യോഗേന്ദ്ര യാദവിനൊപ്പം മുതിര്‍ന്ന നേതാക്കളായ പ്രശാന്ത് ഭൂഷണ്‍, ആനന്ദ് കുമാര്‍, അജിത് ഝാ എന്നിവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്.

എ എ പി നേതൃത്വത്തിന്റെ വിലക്ക് മറികടന്ന് യോഗേന്ദ്ര യാദവിന്റെയും
പ്രശാന്ത് ഭൂഷന്റെയും നേതൃത്വത്തില്‍ കഴിഞ്ഞയിടെ ഹരിയാനയില്‍ പാര്‍ട്ടിയിലെ വിമതവിഭാഗം യോഗം ചേര്‍ന്നിരുന്നു. ‘സ്വരാജ് സംവാദ്’ എന്ന് പേരിട്ട് ചേര്‍ന്ന ഈ യോഗത്തില്‍ കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ അതൃപ്‌തിയുള്ള നിരവധി അണികളും പങ്കെടുത്തിരുന്നു.

ഈ യോഗം ചേര്‍ന്നതിനാണ് നേതൃത്വം ഇപ്പോള്‍ വിമതനേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :