തരൂരിന് മാധ്യമ സമ്മേളനത്തിനു വിലക്ക്

ന്യൂഡല്‍ഹി| WEBDUNIA|
PRO
കേന്ദ്രമന്ത്രിസ്ഥാനം ഒഴിഞ്ഞിട്ടും തരൂരിന് മാധ്യമങ്ങളോട് സംസാരിക്കാന്‍ നിയന്ത്രണം. ഐപി‌എല്‍ വിവാദത്തില്‍ ഘടക കക്ഷിയായ എന്‍‌സിപി‌യുമായുള്ള ബന്ധം കൂടുതല്‍ തകരാതിരിക്കാനുള്ള മുന്‍‌‌കരുതല്‍ എന്ന നിലയില്‍ തരൂരിനോട് തിരുവനന്തപുരത്ത് നടത്താനിരുന്ന മാധ്യമ സമ്മേളനത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.

തരൂര്‍ ശനിയാഴ്ച ഉച്ചയോടെ സ്വന്തം മണ്ഡലമായ തിരുവനന്തപുരത്ത് എത്തും. മന്ത്രിസ്ഥാനം രാജിവച്ച ശേഷം ആദ്യമായാണ് തരൂര്‍ സ്വന്തം മണ്ഡലത്തിലെത്തുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ഇന്റര്‍നെറ്റ് കൂട്ടായ്മയുടെയും മറ്റും സ്വീകരണം ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളെ അഭിമുഖീകരിക്കാമെന്ന് തരൂര്‍ സമ്മതിച്ചിരുന്നു.

രാജിവച്ചതിനു ശേഷം മാധ്യമങ്ങളെ കാണാന്‍ വിമുഖത പ്രകടിപ്പിച്ചിരുന്ന തരൂര്‍ തിരുവനന്തപുരത്ത് മാധ്യമ സമ്മേളനം നടത്തുന്നത് ദേശീയ മാധ്യമങ്ങള്‍ ഉറ്റു നോക്കിയിരിക്കുകയായിരുന്നു. എന്നാല്‍, തരൂരിന്റെ ഭാഗത്തു നിന്നോ മാധ്യമങ്ങളുടെ ഭാഗത്തു നിന്നോ എന്‍ സി പിയെ പ്രകോപിപ്പിക്കുന്ന എന്തെങ്കിലും പരാമര്‍ശം ഉണ്ടായാല്‍ അത് ധന ബില്ല് പാസാക്കുന്നതിനെ ബാധിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഭയക്കുന്നു. ഏപ്രില്‍ 27 ധന ബില്‍ പാസാവണമെങ്കില്‍ എന്‍ സി പിയുടെ പിന്തുണ കോണ്‍ഗ്രസിന് അത്യാവശ്യമാണ്.

ഇപ്പോള്‍, ഐപി‌എല്‍ വിവാദത്തില്‍ എന്‍സിപി മന്ത്രിമാരായ പ്രഫുല്‍ പട്ടേലിന്റെയും ശരദ് പവാറിന്റെയും പേരുകള്‍ കൂടി ഉയര്‍ന്നു വന്നിട്ടുണ്ട്. ഇതിനിടെ യുപി‌എ സര്‍ക്കാര്‍ പവാറിന്റെ ഫോണ്‍ സന്ദേശം ചോര്‍ത്തി എന്ന വാര്‍ത്തയും കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിനു ഉലച്ചില്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

ഇതിനിടെ, ചെറിയ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം വീണ്ടും തരൂര്‍ ട്വിറ്ററില്‍ മടങ്ങിയെത്തി. തന്റെ രാജി ക്രിക്കറ്റിനെ ശുദ്ധീകരിക്കുമെങ്കില്‍ അതിന് മൂല്യ മുണ്ടായിരിക്കും എന്നും ഐപി‌എല്‍ വിവാദത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷയെന്നും തരൂര്‍ തന്റെ ട്വീറ്റില്‍ പറയുന്നു. തന്റെ മണ്ഡലമായ തിരുവനന്തപുരത്ത് ധാരാളം ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ട് എന്നും തരൂര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :