തമിഴ്നാട്ടില്‍ ‘ലങ്കന്‍ പ്രക്ഷോഭം’ കത്തുന്നു, യുവാവ് സ്വയം തീ കൊളുത്തി മരിച്ചു
ചെന്നൈ|
WEBDUNIA|
PTI
ശ്രീലങ്കന്‍ വിഷയത്തില്‍ തമിഴ്നാട്ടില്‍ പ്രക്ഷോഭം ശക്തമാകുകയാണ്. സമരത്തിനിടെ ഒരു യുവാവ് സ്വയം തീ കൊളുത്തി മരിച്ചു. നെര്ക്കുണ്ട്രം തങ്കയമ്മന് ക്ഷേത്ര മൈതാനത്ത് നടന്ന പൊതുയോഗത്തിനിടെയാണ് വിക്രം(30) എന്ന യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തത്.
എം ഡി എം കെ. നേതാവ് രാജ തിരുനാവുക്കരശ് പ്രസംഗിച്ചുകൊണ്ടിരിക്കവേയാണ് ‘തമിഴര്‍ക്ക് ലോകത്ത് നീതി ലഭിക്കുന്നില്ല’ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് വിക്രം ശരീരത്തില്‍ സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തിയത്. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
മുഗപ്പെയറില്‍ മോട്ടോര്‍ റീ വെല്‍ഡിംഗ് കട നടത്തി വരികയായിരുന്നു വിക്രം. എല്‍ ടി ടി ഇ നേതാവ് പ്രഭാകരന്റെ മകന് ബാലചന്ദ്രന്റെ കൊലപാതകത്തിന്റെ ചിത്രങ്ങള്‍ കണ്ടതുമുതല്‍ കടുത്ത നിരാശനും അസ്വസ്ഥനുമായിരുന്നു വിക്രം.
ലങ്കന്‍ നയത്തിനെതിരായ സമരം ശക്തമായതിന് ശേഷം ഇതുവരെ നാലുപേരാണ് ആത്മാഹൂതി ചെയ്തിട്ടുള്ളത്. മധുര, ഈറോഡ്, കടലൂര്‍ എന്നിവിടങ്ങളിലാണ് മറ്റ് ആത്മഹത്യകള്‍ നടന്നത്. അതേസമയം വിദ്യാര്‍ത്ഥികളുടെ സമരങ്ങളും കൂടുതല്‍ ശക്തമാകുകയാണ്. മധുര കളക്ടറേറ്റിന് മുന്നില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ ശരീരത്ത് പെട്രോളൊഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചത് പൊലീസ് ഇടപെട്ട് തടഞ്ഞു. ചെന്നൈയില്‍ സമരം നടത്തിയ അഞ്ഞൂറോളം വിദ്യാര്‍ത്ഥികളെ അറസ്റ്റുചെയ്തു.