ജെയ്താപ്പൂര്‍ ഇന്ത്യയ്ക്ക് മുന്നിലെ ചോദ്യചിഹ്നം

മുംബൈ| WEBDUNIA|
PRO
PRO
ജപ്പാനിലെ ആണവനിലയങ്ങള്‍ മഹാദുരന്തത്തിന് കാരണമായേക്കുമോ എന്നാണ് ലോകം ഭീതിയോടെ ഉറ്റുനോക്കുന്നത്. ആണവനിലയങ്ങള്‍ ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണിയെക്കുറിച്ചുള്ള ആശങ്കകളില്‍ മഹാരാഷ്‌ട്രയിലെ ജെയ്താപൂരില്‍ സ്ഥാപിക്കാനിരിക്കുന്ന ആണവപ്ലാന്റും ഇടം പിടിച്ചിരിക്കുകയാണ്.

ദുരന്തമാതൃകയായി ജപ്പാന്‍ നമ്മുടെ കണ്‍മുന്നില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യയും നാശത്തിന്റെ വഴിയെ പോകണോ എന്ന ചോദ്യമാണ് ഉയര്‍ന്നുവരുന്നത്. കണക്കുകള്‍ പരിശോധിച്ച് നോക്കിയാല്‍ ജപ്പാനിലെ ആണവപ്ലാന്റ് സ്ഥിതി ചെയ്യുന്ന പ്രദേശവും ജെയ്താപൂരും തമ്മില്‍ സമാനതകള്‍ ഏറെയാണ്. അതീവ ഭൂചലന സാധ്യതാപ്രദേശങ്ങളാണ് ഇവ രണ്ടും.

1985 മുതല്‍ 2005 വരെയുള്ള ഇരുപതുവര്‍ഷക്കാലത്തിനിടെ 92 ഭൂകമ്പങ്ങളാണ് ജെയ്താപൂരിനെ പിടിച്ചുകുലുക്കിയത്. 1993-ല്‍ റിക്‍ടര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനമാണ് ഇതില്‍ ഏറ്റവും തീവ്രതയുള്ളത്.

സീസ്മിക് സോണ്‍ 3 വിഭാഗത്തിലാണ് ജെയ്താപൂരിനെ ജിയോളജിക്കല്‍ സര്‍‌വെ ഓഫ് ഇന്ത്യ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 60,000 കോടി ചെലവിലാണ് 9900 മെഗാവാട്ടിന്റെ ആണവനിലയം ഇവിടെ സ്ഥാപിക്കുന്നത്. ഫ്രഞ്ച് കമ്പനിയുടെ സഹായത്തോടെ കൊങ്കണ്‍ തീരത്ത് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന പ്ലാന്റിനെതിരെ പ്രദേശവാസികള്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. ഫുകുഷിമയിലെ അണുവികിരണം ഗ്രാമവാസികളെയാണ് തീരാദുരിതത്തിലാക്കിയിരിക്കുന്നത് എന്ന കാര്യം ഇവിടെ ഓര്‍ക്കുക.

ആണവനിലയം സ്ഥാപിക്കുന്ന കാര്യത്തില്‍ പുനപരിശോധന വേണ്ടിവരുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പദ്ധിതിയുമായി മുന്നോട്ട് പോകും എന്ന് തന്നെയാണ് മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ നിലപാട്.

നിലയത്തിന് ധനസഹായം നല്‍കുമെന്നറിയിച്ചിരുന്ന ജെര്‍മന്‍ കൊമേഴ്സ് ബാങ്ക് ഇപ്പോള്‍ തീരുമാനം മാറ്റിയിരിക്കുകയാണ്. സുരക്ഷാ പ്രശ്നങ്ങള്‍ ബാങ്കിന്റെ പേരിന് തന്നെ കളങ്കം വരുത്തും എന്ന നിരീക്ഷണത്തിനൊടുവിലാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :