സുനില്‍ ജോഷി വധം: പ്രജ്ഞാ സിംഗ് അറസ്റ്റില്‍

മുംബൈ| WEBDUNIA|
PRO
മലേഗാവ് സ്ഫോടനകേസിലെ മുഖ്യപ്രതിയായ ഹിന്ദു സന്യാസിനി പ്രജ്ഞാ സിംഗ് ഠാക്കൂറിനെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍എസ്എസ് മുന്‍ പ്രചാരക് സുനില്‍ ജോഷിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സംഝോത എക്സ്പ്രസ് സ്ഫോടനത്തിന്റെ പ്രധാന ആസൂത്രകനായി സംശയിക്കപ്പെടുന്ന സുനില്‍ ജോഷി 2007 ഡിസംബര്‍ 29 ന് മധ്യപ്രദേശിലെ ദേവാസില്‍ വച്ചാണ് കൊല്ലപ്പെട്ടത്.

പ്രജ്ഞാ സിംഗ് ഠാക്കൂറിന്റെ അറസ്റ്റ് വെള്ളിയാഴ്ചയാണ് പൊലീസ് രേഖപ്പെടുത്തിയത്. ഠാക്കൂര്‍ ഇപ്പോള്‍ മുംബൈ ജെ ജെ ആശുപത്രിയില്‍ ചികില്‍സയിലാണ്. ചികില്‍സയ്ക്കു ശേഷമായിരിക്കും ഇവരെ മധ്യപ്രദേശിലേയ്ക്കു കൊണ്ടുപോവുകയെന്ന് അഭിഭാഷകന്‍ അറിയിച്ചു.

മക്ക മസ്ജിദ്, അജ്മീര്‍, സംഝോത എക്സ്പ്രസ് സ്‌ഫോടനങ്ങളുടെ പ്രധാന ആസൂത്രകനായി സംശയിക്കപ്പെടുന്നയാളാണ് സുനില്‍ ജോഷി. ഇയാള്‍ ദുരൂഹമായി കൊലചെയ്യപ്പെട്ട രാത്രിയില്‍ പ്രജ്ഞാ സിംഗ് ഠാക്കൂര്‍ ദേവാസിലെ ഇയാളുടെ വീട്ടില്‍ എത്തിയിരുന്നതായി ചില വെളിപ്പെടുത്തലുകള്‍ വന്നിരുന്നു.

അജ്‌മീര്‍ സ്‌ഫോടനം നടന്ന ദിവസം പ്രജ്ഞാ സിംഗ് ഠാക്കൂറും സുനില്‍ ജോഷിയും കള്ളപ്പേരില്‍ മുറിയെടുത്തിരുന്നതായി രാജസ്ഥാന്‍ ഭീകരവിരുദ്ധ സ്‌ക്വാഡ് നേരത്തെ ക്ണ്ടെത്തിയതാണ്. സംഝോത ഉള്‍പ്പെടെയുള്ള പല സ്‌ഫോടനങ്ങളിലും ഹിന്ദു തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന് കേസില്‍ പ്രതിയായ നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഇതെത്തുടര്‍ന്ന് നടത്തിയ പല അന്വേഷണങ്ങളും ഇപ്പോള്‍ വഴിത്തിരിവില്‍ എത്തിയിരിക്കുകയാണ്.

2007 ഫെബ്രുവരി 18ന് സംഝോത എക്സ്പ്രസിന്റെ രണ്ട് കോച്ചുകള്‍ ബോംബുവച്ച് തകര്‍ത്തതിനെത്തുടര്‍ന്ന് 68 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഡല്‍ഹിയില്‍ നിന്ന് ലാഹോറിലേക്ക് പോകുകയായിരുന്ന ട്രെയിനില്‍ പാനിപ്പത്തില്‍ വച്ചായിരുന്നു സ്ഫോടനം നടന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :