ടെലികോം വകുപ്പ് 2ജി സ്പെക്ട്രം അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കേ മറ്റൊരു വമ്പന്‍ സ്പെക്ട്രം ഇടപാടു കൂടി സിഎജി അന്വേഷിക്കുന്നു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്‌ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്സ് കോര്‍പ്പറേഷനാണ് പ്രതിക്കൂട്ടിലായിരിക്കുന്നത്.
2005-ല്‍ ആന്‍ട്രിക്സ് കോര്‍പ്പറേഷനും ദേവാസ് മള്‍ട്ടിമീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനവുമായി ഉപഗ്രഹ വിക്ഷേപണത്തിനായി ഏര്‍പ്പെട്ട ഒരു കരാറാണ് സിഎജി പരിശോധിക്കുന്നത്. ഇടപാടിന്റെ ഭാഗമായി സ്വകാര്യ കമ്പനിക്ക് 20 വര്‍ഷക്കാലത്തേക്ക് എസ്-ബാന്‍ഡില്‍ 70 മെഗാഹെര്‍ട്‌സ് സ്പെക്ട്രം സൌജന്യമായി നല്‍കിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
ടെലികോം വകുപ്പിന്റെ 2ജി ഇടപാടില്‍ രാജ്യത്തിന് 1.76 ലക്ഷം കോടി രൂപയാണ് നഷ്ടം വന്നതെങ്കില്‍ ഐഎസ്‌ആര്‍ഒ ഇടപാടില്‍ രണ്ട് ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട് എന്നാണ് പ്രാഥമിക നിഗമനം. നേരത്തെ ദൂര ദര്‍ശന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന 70 മെഗാ ഹെര്‍ട്സ് സ്പെക്ട്രം ഇപ്പോള്‍ വാണിജ്യപരമായി വളരെയധികം പ്രാധാന്യമുള്ളതാണ്.
ഐഎസ്‌ആര്‍ഒ മുന്‍ ഓഫീസറായിരുന്ന ഡോ. എം ജി ചന്ദ്രശേഖറാണ് ദേവാസ് മള്‍ട്ടിമീഡിയയുടെ ചെയര്‍മാന്‍.