ആലമിന്റെ മോചനം: ബിജെപി - പിഡിപി ബന്ധം ഉലയുന്നു

ശ്രീനഗര്‍‍| JOYS JOY| Last Modified തിങ്കള്‍, 9 മാര്‍ച്ച് 2015 (08:23 IST)
ഹുറിയത്ത് നേതാവ് മസ്രത്ത് ആലമിനെ മോചിപ്പിക്കാനുള്ള തീരുമാനം ജമ്മു കാശ്‌മീര്‍ സര്‍ക്കാരില്‍ ഉലച്ചില്‍ സൃഷ്‌ടിക്കുന്നു. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് പി ഡി പി ആലമിനെ മോചിപ്പിക്കാന്‍ തീരുമാനമെടുത്തതെന്ന് പി ഡി പി നയിക്കുന്ന ഭരണമുന്നണിയിലെ സഖ്യകക്ഷിയായ ബി ജെ പി ആരോപിച്ചു.

പി ഡി പി അംഗമായ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിനെതിരെ ബി ജെ പിയുടെ യുവജനവിഭാഗം പ്രതിഷേധപ്രകടനം നടത്തി. പി ഡി പിയെയും ബി ജെ പിയെയും വിമര്‍ശിച്ച് കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫ്രന്‍സും രംഗത്തെത്തി. 112 പേര്‍ കൊല്ലപ്പെട്ട 2010ലെ സംഘര്‍ഷത്തിന്റെ പേരില്‍ തടവിലാക്കിയ ആലത്തെ ശനിയാഴ്ചയായിരുന്നു മോചിപ്പിച്ചത്.

ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടില്ലാത്ത തടവുകാരെ വിട്ടയയ്ക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനപ്രകാരമായിരുന്നു മോചനം. ഈ തീരുമാനമെടുക്കും മുമ്പ് ബി ജെ പിയെ അറിയിക്കുകയോ അനുമതി തേടുകയോ ചെയ്തില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ജുഗല്‍ കിഷോര്‍ ശര്‍മയും ആരോപിച്ചു.

വിമര്‍ശനത്തെ മുഖവിലയ്ക്ക് എടുക്കേണ്ടെന്ന നിലപാടിലാണ് പി ഡി പി. ആലമിന്റെ മോചനത്തെ ശരിയായ കാഴ്ചപ്പാടോടെ കാണണമെന്ന് പി ഡി പി വക്താവ് നയീം അഖ്തര്‍ പറഞ്ഞു. മുഫ്തിയുടെ മകളും പി ഡി പി അധ്യക്ഷയുമായ മെഹബൂബ മുഫ്തിയും സംഭവത്തെ നിസാരവത്കരിച്ചു.

മുസ്ലിംലീഗ് നേതാവായ മസ്രത്ത് ആലം ജമ്മുകശ്മീരിലെ തീവ്രവിഘടനവാദി നേതാവായ സയിദ് അലി ഷാ ഗീലാനിയുടെ വിശ്വസ്തനായാണ് കരുതപ്പെടുന്നത്. സൈന്യം കശ്മീരിലെ മൂന്ന് യുവാക്കളെ കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് 2010-ല്‍ സംസ്ഥാനത്തുണ്ടായ സംഘര്‍ഷത്തിന്റെ മുന്നണിയില്‍ ആലമുണ്ടായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :