ലോകത്ത് മുസ്ലിങ്ങള്‍ ഏറ്റവും സുരക്ഷിതര്‍ ഇന്ത്യയിലെന്ന് യോഗി ആദിത്യനാഥ്

ഹബല്ലി| JOYS JOY| Last Updated: തിങ്കള്‍, 2 മാര്‍ച്ച് 2015 (13:31 IST)
ലോകത്ത് മറ്റെവിടെയും എന്നതിനേക്കാള്‍ മുസ്ലിങ്ങള്‍ ഏറ്റവും സുരക്ഷിതരായിരിക്കുന്നത് ഇന്ത്യയില്‍ ആണെന്ന് ബി ജെ പി എം പി യോഗി ആദിത്യനാഥ്. ഹബ്ബല്ലിയില്‍ വിരാട് ഹിന്ദു സമാവേശില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വിശാലമനസ്കതയ്ക്കൊപ്പം രാജ്യത്തെ ഹിന്ദുക്കളുടെയും വിശാലമനസ്കതയാണ് അതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

മദര്‍ തെരേസയെക്കുറിച്ച് ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവത് നടത്തിയ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, പാവങ്ങളെ സേവിക്കുന്നതിന്റെ മറവില്‍ ആരെങ്കിലും മതപരിവര്‍ത്തനം നടത്തുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ മറുപടി. കര്‍ണാടകയില്‍ വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയയ്ക്ക് പ്രവേശനം നിഷേധിച്ചത് തെറ്റായ തീരുമാനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, മക്ക മദീനയിലോ വത്തിക്കാനിലോ ക്ഷേത്രം പണിയാന്‍ കഴിയാത്തതുപോലെ ആയോധ്യയില്‍ മുസ്ലീം പള്ളി പണിയാന്‍ കഴിയില്ലെന്ന് യോഗി ആദിത്യനാഥ് പ്രസ്താവന നടത്തിയിരുന്നു. ആയോധ്യവിഷയത്തിലെ ആദ്യകാല പരാതിക്കാരന്‍ ഹാഷിം അന്‍സാരിയും അഖാര പരിഷത്ത് മേധാവി മഹന്ത് ഗ്യാന്‍ ദാസും കഴിഞ്ഞ തിങ്കളാഴ്ച കൂടികാഴ്ച നടത്തിയിരുന്നു. കൂടികാഴ്ചയില്‍ അയോധ്യ പ്രശ്‌ന പരിഹാരത്തിനായി പള്ളിയും ക്ഷേത്രവും നിര്‍മ്മിക്കാമെന്ന നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. ഇതിനെക്കുറിച്ചാണ് യോഗി ആദിത്യനാഥ് ഇങ്ങനെ പറഞ്ഞത്.

സനാതനധര്‍മ്മത്തിന്റെ പുണ്യഭൂമിയായ അയോധ്യ രാമന്റെ ജന്മസ്ഥലമാണെന്ന് പറഞ്ഞ ആദിത്യനാഥ് ഹാഷിം അന്‍സാരിയും മഹന്ത് ഗ്യാന്‍ ദാസും പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് പറയുന്നത്. അയോധ്യയില്‍ അവര്‍ക്ക് ക്ഷേത്രവും മുസ്ലീം പള്ളിയും പണിയണമെങ്കില്‍ അവര്‍ എന്തിനാണ് രണ്ടിനുമിടയില്‍ 100 മീറ്റര്‍ ഉയരത്തിലുള്ള മതില്‍ വേണമെന്ന് നിര്‍ദ്ദേശിച്ചതെന്നും ആദിത്യനാഥ് ചോദിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :