ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ തയ്യാര്‍: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി| WEBDUNIA|
PTI
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് എ ഐ സി സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പുറത്തുനിന്ന് പിന്തുണയ്ക്കാമെന്നാണ് രാഹുല്‍ ഗാന്ധി അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു.

എന്നാല്‍ ഇക്കാര്യത്തോട് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചിട്ടില്ല. കോണ്‍ഗ്രസിന്‍റെയോ ബി ജെ പിയുടെയോ പിന്തുണ സ്വീകരിക്കില്ലെന്ന് കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്‌രിവാള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം തുറന്നിട്ട വാതിലുമായി കോണ്‍ഗ്രസ് സമീപിച്ചിരിക്കുകയാണ്. ബി ജെ പിയെ അധികാരത്തില്‍ നിന്ന് ഒഴിച്ചുനിര്‍ത്താനും വീണ്ടുമൊരു തെരഞ്ഞെടുപ്പ് ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാതിരിക്കാനുമാണ് ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ തയ്യാറാകുന്നതെന്നാണ് കോണ്‍‌ഗ്രസ് പറയുന്നത്.

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് എട്ട് എം എല്‍ എമാര്‍ ആണുള്ളത്. ഇവരുടെ പിന്തുണയുണ്ടെങ്കില്‍ ആം ആദ്മി പാര്‍ട്ടിക്ക് അധികാരത്തിലെത്താം. 28 സീറ്റാണ് ആം ആദ്മി പാര്‍ട്ടിക്ക് ഉള്ളത്.

വീണ്ടും ഡല്‍ഹിയെ തെരഞ്ഞെടുപ്പിലേക്ക് നയിക്കുന്നതില്‍ ആം ആദ്മി പാര്‍ട്ടിയില്‍ തന്നെ വ്യത്യസ്ത അഭിപ്രായമുണ്ട്. കേജ്‌രിവാളും രാഹുല്‍ ഗാന്ധിയും ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :