ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ കോഴ വാങ്ങുന്ന ഒളിക്യാമറാ ദൃശ്യങ്ങള്‍; എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങള്‍ നല്‍കിയില്ലെങ്കില്‍ നിയമനടപടി

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 22 നവം‌ബര്‍ 2013 (16:18 IST)
PRO
പാര്‍ട്ടി നേതാക്കള്‍ കള്ളപ്പണം വാങ്ങാമെന്ന് സമ്മതിക്കുന്ന ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്ത് വിട്ട വെബ്സൈറ്റ് എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങള്‍ നല്കിയില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഫണ്ട് നല്‍കാമെന്ന് ചൂണ്ടിക്കാട്ടിയാണ് മീഡിയ സര്‍ക്കാര്‍ എന്ന ചാനല്‍ പ്രവര്‍ത്തകര്‍ ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകരെ സമീപിച്ചത്.

ചെക്ക് മുഖേന അല്ലാതെയും രസീത് നല്‍കാതെയും പണം വാങ്ങാന്‍ ആര്‍കെപുരത്തെ സ്ഥാനാര്‍ത്ഥി ഷാസിയ ഇല്‍മി, മുതിര്‍ന്ന നേതാവ് കുമാര്‍ ബിസ്വാസ് തുടങ്ങിയവര്‍ സമ്മതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ടേപ്പിലുണ്ട്.

ദൃശ്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. എഡിറ്റ് ചെയ്യാത്ത മുഴുവന്‍ ദൃശ്യങ്ങള്‍ ഇന്ന് തന്നെ നല്‍കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.

എന്നാല്‍ ദൃശ്യങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്ക് നല്‍കാന്‍ കഴിയില്ലെന്നും അന്വേഷണ ഏജന്‍സിക്ക് മാത്രമേ നല്‍കൂവെന്നും ചാനല്‍ അറിയിച്ചു.

ഒളിക്യാമറ സംഭവത്തെക്കുറിച്ച അന്വേഷിക്കാന്‍ എ‌എപി കമ്മിറ്റി രൂപീകരിച്ചു.സംഭവത്തില്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :