അമര്‍സിംഗും ജയപ്രദയും പുറത്ത്

ലക്നൌ| WEBDUNIA|
PRO
പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന അമര്‍ സിംഗിനെയും അദ്ദേഹവുമായി അടുപ്പം പുലര്‍ത്തിയിരുന്ന പാര്‍ട്ടി നേതാവും നടിയുമായിരുന്ന ജയപ്രദയെയും സമാജ് വാദി പാര്‍ട്ടി പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്‍റെ പേരിലാണ് നടപടി.

ഇരുവരുമായും അടുത്ത ബന്ധം പുലര്‍ത്തിയ നാല് എം‌എല്‍‌എ മാരെയും പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. അമര്‍ സിംഗിന് പകരം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി നിയമിതനായ മോഹന്‍ സിംഗ് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം അമര്‍ സിംഗ് രാജിവെച്ചിരുന്നു.

അമര്‍ സിംഗും ജയപ്രദയും പാര്‍ട്ടിയെ വിഘടിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മോഹന്‍ സിംഗ് ആരോപിച്ചു. സന്ദീപ് അഗര്‍വാള്‍, അശൊക് ചന്ദെല്‍, സര്‍വ്വേഷ് സിംഗ്, മദന്‍ ചൌഹാന്‍ എന്നീ എം‌എല്‍‌എ മാരെയാണ് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.അമര്‍ സിംഗുമായി ചേര്‍ന്ന് പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ചതിനാണ് എം‌എല്‍‌എ മാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതെന്ന് മോഹന്‍ സിംഗ് വിശദീകരിച്ചു.

അമര്‍ സിംഗിന്‍റെയും അടുപ്പക്കാരുടെയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സമാജ് വാദി പാര്‍ട്ടിയുടെ പ്രതിഛായയ്ക്ക് കളങ്കമുണ്ടാക്കിയതായി മോഹന്‍ സിംഗ് ചൂണ്ടിക്കാട്ടി. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ അടിസ്ഥാനമില്ലാത്ത തെറ്റായ പ്രസ്ഥാവനകളാണ് ഇവര്‍ ഉയര്‍ത്തിയതെന്ന് മോഹന്‍ സിംഗ് പറഞ്ഞു. സമാജ് വാദി പാര്‍ട്ടിയുടെ ഭാവി തകര്‍ക്കുക എന്ന ലക്‍ഷ്യത്തോടെ അമര്‍ സിംഗ് ലോക് മഞ്ച് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചതായും മോഹന്‍ സിംഗ് ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :