അമറിന്‍റെ രാജി സ്വീകരിക്കില്ല: മുലായം

ന്യൂഡല്‍ഹി| WEBDUNIA|
PRO
ആരോഗ്യപരമായ കാരണങ്ങളാല്‍ രാജിവെച്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറി അമര്‍ സിംഗിന്‍റെ രാജി സ്വീകരിക്കില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ്. ഇന്ന് രാവിലെ അമര്‍ സിംഗിന്‍റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയ മുലായം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

അമറിന്‍റെ രാജിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പാര്‍ട്ടി പദവികള്‍ രാജിവയ്ക്കുകയാണെന്ന് പ്രഖ്യാപിച്ച് നടന്‍ സഞ്ജയ് ദത്തും രംഗത്തുവന്നതോടെയാണ് മുലായം അമറിനെ വസതിയിലെത്തി സന്ദര്‍ശിച്ചത്. ഇതോടെ ജയപ്രദ, ജയാ ബച്ചന്‍, മനോജ് തിവാരി എന്നിവരും രാജി വച്ചേക്കുമെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു.

പാര്‍ട്ടി തന്നെയേല്‍പ്പിച്ച മൂന്ന് ചുമതലകളില്‍ നിന്നും അടിയന്തിരമായി രാജിവയ്ക്കുകയാണെന്ന് കാണിച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് അമര്‍ സിംഗ് മുലായം സിംഗ് യാദവിന് കത്ത് നല്‍കിയത്. നവംബറില്‍ ഫിറോസാബാദില്‍ നടന്ന ലോക്‍സഭാ ഉപതെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിക്കേറ്റ തോല്‍‌വിയ്ക്ക് കാരണം മുലായത്തിന്‍റെയും കുടുംബത്തിന്‍റെയും അമിത ആത്മവിശ്വാസമാണെന്ന് അമര്‍സിംഗ് ആരോപിച്ചിരുന്നു.

ഇത് ഇരുവരും തമ്മിലുള്ള ഭിന്നത രൂക്ഷമാക്കി. ഫിറോസാബാദ് ഉപതെരഞ്ഞെടുപ്പില്‍ മുലായത്തിന്‍റെ മരുമകളാ‍യ ഡിം‌പിള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ രാജ് ബബ്ബാറിനോട് പരാജയപ്പെടുകയായിരുന്നു. മുന്‍ എസ് പിക്കാരനായ ബബ്ബാറിനോടേറ്റ തോല്‍‌വി പാര്‍ട്ടിക്ക് കനത്ത നാണക്കേട് ഉണ്ടാക്കുകയും ചെയ്തു.

എന്നാല്‍ തന്‍റെ രാജിയ്ക്ക് പിന്നില്‍ രാഷ്ട്രീയപരമായ കാരണങ്ങളൊന്നുമില്ലെന്നും വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ തനിക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത് പൂര്‍ണവിശ്രമമാണെന്നതിനാലാണ് രാജിയെന്നും അമര്‍ പറഞ്ഞിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് മാസത്തിനുശേഷം എന്തുകൊണ്ട് രാജിവെയ്ക്കുന്നു എന്ന ചോദ്യത്തിന് മൂന്നു തവണ താന്‍ രാജിക്കത്ത് നല്‍കിയിരുന്നുവെന്നും അതെല്ലാം നേതാജി (മുലായം) നിരസിക്കുകയായിരുന്നു എന്നായിരുന്നു അമര്‍സിംഗിന്‍റെ മറുപടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :