അമര്‍സിംഗ് പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PRO
പാര്‍ട്ടി സ്ഥാനങ്ങളെല്ലാം രാജിവയ്ക്കുകയാണെന്ന് സമാജ്‌വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറി അമര്‍ സിംഗ്. പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിഗ് യാദവുമായുള്ള ഭിന്നതയാണ് രാജിയ്ക്ക് പിന്നിലെന്ന് അഭ്യൂഹമുണ്ടെങ്കിലും ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിവയ്ക്കുന്നതെന്ന് ഇപ്പോള്‍ ദുബായിലുള്ള അമര്‍സിംഗ് പറഞ്ഞു. പാര്‍ട്ടി തന്നെയേല്‍പ്പിച്ച മൂന്ന് ചുമതലകളില്‍ നിന്നും അടിയന്തിരമായി രാജിവയ്ക്കുകയാണെന്നും പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചുകൊണ്ടുള്ള കത്ത് അധ്യക്ഷന്‍ മുലായം സിംഗ് യാദവിന് ഫാക്സ് ചെയ്തിട്ടുണ്ടെന്നും അമര്‍ സിംഗ് വ്യക്തമാക്കി.

നവംബറില്‍ ഫിറോസാബാദില്‍ നടന്ന ലോക്‍സഭാ ഉപതെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിക്കേറ്റ തോല്‍‌വിയ്ക്ക് കാരണം മുലായത്തിന്‍റെയും കുടുംബത്തിന്‍റെയും അമിത ആത്മവിശ്വാസമാണെന്ന് അമര്‍സിംഗ് ആരോപിച്ചിരുന്നു. ഇത് ഇരുവരും തമ്മിലുള്ള രൂക്ഷമാക്കി. ഫിറോസാബാദ് ഉപതെരഞ്ഞെടുപ്പില്‍ മുലായത്തിന്‍റെ മരുമകളാ‍യ ഡിം‌പിള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ രാജ് ബബ്ബാറിനോട് പരാജയപ്പെടുകയായിരുന്നു. മുന്‍ എസ് പിക്കാരനായ ബബ്ബാറിനോടേറ്റ തോല്‍‌വി പാര്‍ട്ടിക്ക് കനത്ത നാണക്കേട് ഉണ്ടാക്കുകയും ചെയ്തു.

എന്നാല്‍ തന്‍റെ രാജിയ്ക്ക് പിന്നില്‍ രാഷ്ട്രീയപരമായ കാരണങ്ങളൊന്നുമില്ലെന്നും വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ തനിക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത് പൂര്‍ണവിശ്രമമാണെന്നതിനാലാണ് രാജിയെന്നും അമര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് മാസത്തിനുശേഷം എന്തുകൊണ്ട് രാജിവെയ്ക്കുന്നു എന്ന ചോദ്യത്തിന് മൂന്നു തവണ താന്‍ രാജിക്കത്ത് നല്‍കിയിരുന്നുവെന്നും അതെല്ലാം നേതാജി (മുലായം) നിരസിക്കുകയായിരുന്നു എന്നായിരുന്നു അമര്‍സിംഗിന്‍റെ മറുപടി.

കുടുംബത്തിനും ആരോഗ്യത്തിനുമാണ് ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും രാഷ്ട്രീയത്തില്‍ തുടര്‍ന്നാല്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചപോലെ വിശ്രമമെടുക്കല്‍ അസാധ്യമാകുമെന്നും അമര്‍ സിംഗ് പറഞ്ഞു. പാര്‍ട്ടിയുടെ ഒരു സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും തനിക്ക് പകരം രാം ഗോപാല്‍ യാദവിനെ പാര്‍ട്ടി വക്താവാക്കണമെന്നും അമര്‍ സിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :