അതിര്‍ത്തി ലംഘിച്ച് കടല്‍വെള്ളരി പിടിച്ച ശ്രീലങ്കക്കാര്‍ പിടിയില്‍

മംഗലാപുരം| WEBDUNIA|
PRO
PRO
ഇന്ത്യന്‍ സമുദ്രാതിത്തി ലംഘിച്ച് കടല്‍ജീവിയായ കടല്‍വെള്ളരി പിടിച്ച ശ്രീലങ്കന്‍ മീന്‍പിടിത്തക്കപ്പല്‍ തീരദേശ സുരക്ഷാസേന പിടികൂടി. കപ്പലില്‍ നിന്ന് 1.2 ലക്ഷം ഡോളര്‍ വിലവരുന്ന രണ്ടു ടണ്‍ കടല്‍ വെള്ളരിയും തീരദേശ സുരക്ഷാസേന കണ്ടെടുത്തിട്ടുണ്ട്.

അതിര്‍ത്തി ലംഘിച്ചതിന് 16 തൊഴിലാളികളെയും അറസ്റ്റുചെയ്തിട്ടുണ്ട്. കരയില്‍ നിന്ന് 188 നോട്ടിക്കല്‍ മൈല്‍ അകലെ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരുടെ കൈയിലുണ്ടായിരുന്ന കടല്‍ വെള്ളരി പകുതിയോളം ഉണങ്ങിയ നിലയിലായിരുന്നു.

ചിലയിടങ്ങളില്‍ കടല്‍ മുരിങ്ങയെന്നും പേരുള്ള ഈ കടല്‍ജീവി ഭക്ഷ്യയോഗ്യമാണെങ്കിലും വംശനാശ ഭീഷണി നേരിടുന്നതിനാല്‍ പിടികൂടുന്നത് ഇന്ത്യയില്‍ നിയമ വിരുദ്ധമാണ്. അതുകൊണ്ടുതന്നെ ഈ 16 പേര്‍ക്കുമെതിരെ വന്യജീവിസംരക്ഷണ നിയമപ്രകാരം കേസെടുത്തതായി തീരദേശ സംരക്ഷണസേന ഡി.ഐ.ജി. രാജമണി മിശ്ര പത്രസമ്മേളനത്തില്‍ അറിയിച്ചു.

കൊളംബോ മറൈന്‍ എന്ന ചെറുകപ്പല്‍ ലക്ഷദ്വീപിനുസമീപമുള്ള ചെറിയപാനിയില്‍ എത്തിയതായി മുബൈ തീരദേശ സേനയുടെ അറിയിപ്പ് കിട്ടിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കപ്പല്‍ കണ്ടെത്തിയത്. സേനയുടെ രാജ്ദൂത് എന്ന കപ്പല്‍ അതിനെ പിന്തുടര്‍ന്നെങ്കിലും പവിഴപ്പുറ്റുകാരണം സ്ഥലത്തേക്ക് അടുക്കാനായില്ല.

തുടര്‍ന്ന് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ ബോട്ട് ഉപയോഗിച്ചാണ് ഇവരെ പിടികൂടിയത്. കപ്പലില്‍നിന്ന് 16 ഗ്യാസ് സിലിന്‍ഡറുകളും പിടിച്ചെടുത്തു. ഉയര്‍ന്ന സാങ്കേതികമികവുള്ള വയര്‍ലസ് ഉപകരണങ്ങളും ഇവരുടെ കൈയിലുണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :