വിദ്യാര്‍ത്ഥിനിയെ ലേലത്തില്‍ വില്‍ക്കാന്‍ ശ്രമം; ഒളിവില്‍ കഴിയുന്ന പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

ലഖ്‌നൗ| Sajith| Last Modified വെള്ളി, 15 ജനുവരി 2016 (14:36 IST)
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ സ്‌നേഹം നടിച്ച് തട്ടിക്കൊണ്ടു പോയ ശേഷം ലേലത്തില്‍ വില്‍ക്കാന്‍ ശ്രമിച്ചു. ഉത്തര്‍പ്രദേശില്‍ രാംപുര്‍ ജില്ലയിലെ സംഭാല്‍ എന്ന ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. പെണ്‍കുട്ടിയെ നാലു ദിവസത്തോളം അജ്ഞാതകേന്ദ്രത്തില്‍ തടങ്കലില്‍ പാര്‍പ്പിച്ചായിരുന്നു ലേലം നടത്തിയത്. 70,000 രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്. പെണ്‍കുട്ടി തടങ്കലില്‍ കഴിയുന്ന കാര്യം നാട്ടുകാരില്‍ ചിലര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡില്‍ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി.

ഒമ്പതാം ക്ലാസിലുള്ള പെണ്‍കുട്ടിയുടെ ബദ്വാന്‍ സ്വദേശിയായ സുഹൃത്താണ് കേസിലെ പ്രതി. ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന ഈ പ്രതിക്കായുള്ള തിരച്ചില്‍ പൊലീസ് തുടരുകയാണ്. മറ്റു രണ്ടു പേരുടെ കൂടി സഹായത്തോടെ ആയിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. കൂടുതല്‍ തുക ലഭിക്കുന്നതിനു വേണ്ടിയായിരുന്നു നാലുദിവസം തടങ്കലില്‍ വെച്ചത്. പിന്നീടായിരുന്നു 70,000 രൂപയ്ക്ക് ലേലം ചെയ്തത്.

ഒരു മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടില്‍ നിന്ന് പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ലേലം ചെയ്തു എന്ന വിവരം പെണ്‍കുട്ടി തന്നെയാണ് പൊലീസിനോട് പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :