യുപിയിലെ കലാപങ്ങള്‍ ആസൂത്രിതമെന്ന് രാഹുല്‍; പരാജയം മറയ്ക്കാനെന്ന് ബിജെപി

ന്യുഡല്‍ഹി| VISHNU.NL| Last Updated: ശനി, 9 ഓഗസ്റ്റ് 2014 (16:19 IST)
ഉത്തര്‍പ്രദേശില്‍ അടുത്തകാലത്തുണ്ടായ വര്‍ഗീയ കലാപങ്ങള്‍ ആസൂത്രിതമായി നടപ്പിലാക്കിയതാണെന്ന് കൊണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാവങ്ങളെ ഭിന്നിപ്പിക്കുന്നതിനും തമ്മിലടിപ്പിക്കുന്നതിനുമുള്ള ആസുത്രിതമായ നീക്കമാണിതെന്നും തമ്മിലടിപ്പിച്ചവര്‍ ലാഭം കൊയ്യുകയാണെന്നും രാഹുല്‍ പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ മേയ്, ജൂണ്‍ മാസങ്ങളില്‍ 600 ഓളം വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടായി എന്ന മാധ്യമ റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍. അതേ സമയം രാഹുലിന്റെ പരാമര്‍ശം തോല്‍‌വി മറയ്ക്കാനുള്ള വായ്ത്താരിയാണെന്നാണ് ബിജെപി പ്രതികരിച്ചത്.

സമാജ്‌വാദി പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് ആക്രമണത്തിന്റെ ഉത്തരവാദിത്തം സമാജ്‌വാദി പാര്‍ട്ടിയ്ക്കും കോണ്‍ഗ്രസിനുമാണെന്നാണ് ബിജെപിയുടെ വാദം.
കോണ്‍ഗ്രസാണ് വര്‍ഗീയത പടര്‍ത്തുന്നതെന്ന് ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കറും പറഞ്ഞു.തൊട്ടു പിന്നാലെ കൊണ്‍ഗ്രസിന്റെ മതേതരത്വം ജനങ്ങള്‍ തള്ളിക്കളഞ്ഞതാണെന്നും രാഹുല്‍ ഗാന്ധിക് അത് ഇതുവരെ മനസിലായില്ലെന്നുമാണ് മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞത്.

എന്നാല്‍ ബിജെപിയെ കുറ്റപ്പെടുത്തി സമാജ്‌വാദി പാര്‍ട്ടിയും രംഗത്തെത്തി. കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതു മുതല്‍ യു പിയില്‍ കലാപം നടത്താന്‍ അധികാരമുണ്ടെന്നാണ് ബിജെപി കരുതുന്നതെന്ന് എസ് പി നേതാവ് രാജേന്ദ്ര ചൗധരി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :