ലോക്‌സഭാ സ്പീക്കര്‍ പക്ഷപാതി: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി| VISHNU.NL| Last Modified ബുധന്‍, 6 ഓഗസ്റ്റ് 2014 (14:39 IST)
ലോക്‌സഭാ സ്പീക്കര്‍ പക്ഷപാതിയാണെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി. രാജ്യത്തെ വര്‍ഗീയ സംഘര്‍ഷങ്ങളുടെ സാഹചര്യങ്ങളില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയനോട്ടീസ് സ്പീക്കര്‍ നിരസിച്ചതിനെ തുടര്‍ന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.

ലോക്‌സഭയില്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാരും സന്നദ്ധമാകുന്നില്ല. ഒരാളുടെ ശബ്ദം മാത്രം സഭയില്‍ ഉയര്‍ന്നാല്‍ മതിയെന്ന നിലപാട് സ്പീക്കര്‍ക്കെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. തുടര്‍ന്ന് രാഹുലിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

ബഹളത്തേ തുടര്‍ന്ന് ചോദ്യോത്തരവേള തടസ്സപ്പെട്ടു. സഭ ഉച്ചവരെ നിര്‍ത്തിവച്ചു. ചോദ്യോത്തര വേള നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. സ്പീക്കര്‍ സുമിത്രാ മഹാജന്‍ ഇത് നിഷേധിച്ചതോടെയാണ് പ്രതിപക്ഷം ബഹളം ആരംഭിച്ചത്. രാഹുല്‍ ഗാന്ധി ഇതാദ്യമായാണ് സര്‍ക്കാരിനെതിരാ‍യ പ്രതിഷേധവുമായി രംഗത്ത് വരുന്നത്.

കോണ്‍ഗ്രസിനു പുറമേ, എന്‍സിപി, ജെഡിയു, ആര്‍ജെഡി, ആര്‍.എസ്.പി, എഎപി അംഗങ്ങളും നടുത്തളത്തിലിറങ്ങി. പ്രധാനമന്ത്രി മറുപടി പറയണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. അതേ സമയം ബഹളം നടക്കുമ്പോള്‍ മോഡി സഭയില്‍ ഉണ്ടായിരുന്നു.

പ്രതിപക്ഷം ആരോപിക്കുന്നതു പോലെ രാജ്യത്ത് വര്‍ഗീയ സംഘര്‍ഷം ഉണ്ടായിട്ടില്ലെന്നും അനാവശ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്നും അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി പറഞ്ഞ പാര്‍ലമെന്ററി കാര്യമന്ത്രി എം.വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കരങ്ങളില്‍ ഇന്ത്യ സുരക്ഷിതമാണെന്നും നായിഡു പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :