സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 20 ഡിസംബര്‍ 2024 (21:14 IST)
പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി. ഇതോടെ വന്‍ ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്. കര്‍ണാടക തലസ്ഥാനമായ ബാംഗ്ലൂര്‍ നൈസ് ഹുസൂര്‍ റോഡിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്. 16 ചക്രമുള്ള ലോറിയാണ് ഗതാഗത തടസ്സം ഉണ്ടാക്കിയത്. വൈകുന്നേരം നാലര മുതല്‍ രാത്രി 8:30 വരെ വലിയ വാഹനങ്ങള്‍ക്ക് നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ട്.
ഇതു കാരണമാണ് പോലീസ് ലോറി തടഞ്ഞത്. പിന്നാലെ ഡ്രൈവര്‍ പോലീസുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് 2000 രൂപ പോലീസ് പിഴ അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതില്‍ പ്രകോപിതനായ ഡ്രൈവര്‍ റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി കടന്നു കളയുകയായിരുന്നു. ഗതാഗത കുരുക്ക് രൂക്ഷമായതോടെ ലോറി മാറ്റാന്‍ ട്രാഫിക് പോലീസ് എത്ര പരിശ്രമിച്ചിട്ടും നടന്നില്ല. ഒടുവില്‍ മറ്റൊരു ലോറിയുടെ താക്കോല്‍ ഉപയോഗിച്ചാണ് ലോറി മാറ്റിയത്. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.