സെങ്കോട്ടൈന്‍ മന്ത്രിയാകുന്നത് മൂന്നാം തവണ; ഇത്തവണ മന്ത്രിസഭയില്‍ മൂന്നാമന്‍

സെങ്കോട്ടൈന്‍ മന്ത്രിയാകുന്നത് മൂന്നാം തവണ

ചെന്നൈ| Last Modified വ്യാഴം, 16 ഫെബ്രുവരി 2017 (16:31 IST)
അമ്മ എടുത്തുമാറ്റിയ മന്ത്രിപദവി ചിന്നമ്മ പാര്‍ട്ടിനേതൃത്വത്തില്‍ എത്തിയതോടെ സെങ്കോട്ടൈനെ വീണ്ടും തേടിയെത്തി. ഇത് മൂന്നാം തവണയാണ് സെങ്കോട്ടൈന്‍ മന്ത്രിയാകുന്നത്. മന്ത്രിസഭയില്‍, എടപ്പാടി പളനിസാമിക്കും ദിണ്ടിഗല്‍ ശ്രീനിവാസനും ശേഷം മൂന്നാമതാണ് സെങ്കോട്ടൈന്റെ സ്ഥാനം. മന്ത്രിയായിരുന്ന മാഫ പാണ്ഡ്യരാജന്‍ ഒ പി എസ് ക്യാമ്പില്‍ ചേര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹം കൈകാര്യം ചെയ്ത വകുപ്പുകള്‍ ആയിരിക്കും സെങ്കോട്ടൈന്‍ കൈകാര്യം ചെയ്യുക.

ഇതിനുമുമ്പ് രണ്ടുതവണ ആയിരുന്നു സെങ്കോട്ടൈന്‍ മന്ത്രിയായിരുന്നത്. 1991- 96 കാലയളവില്‍ ജയലളിത മന്ത്രിസഭയില്‍ അദ്ദേഹം ഗതാഗതമന്ത്രി ആയിരുന്നു. 2011ല്‍ ഐ ടി, കൃഷി, റവന്യൂ മന്ത്രിയായി നിയമിക്കപ്പെട്ടു. എന്നാല്‍, സെങ്കോട്ടൈന്റെ ഭാര്യ വ്യക്തിപരമായ പരാതികളുമായി ജയലളിതയെ സമീപിച്ചതോടെ മന്ത്രിപദവിയില്‍ നിന്ന് അദ്ദേഹത്തെ ജയലളിത നീക്കുകയായിരുന്നു.

അതിനുശേഷം, പാര്‍ട്ടിയില്‍ മുതിര്‍ന്ന നേതാവ് ആയിരുന്നെങ്കിലും കാര്യമായ പദവികള്‍ ഒന്നും സെങ്കോട്ടൈനെ തേടിയെത്തിയിരുന്നില്ല. എന്നാല്‍, ചിന്നമ്മ പാര്‍ട്ടിയുടെ തലപ്പത്ത് എത്തിയതോടെ സെങ്കോട്ടൈന്റെ സമയവും തെളിഞ്ഞു. പാണ്ഡ്യരാജന്‍ കൈകാര്യം ചെയ്തിരുന്ന സ്കൂള്‍ വിദ്യാഭ്യാസം, കായികം, യുവജനക്ഷേമം എന്നീ വകുപ്പുകള്‍ ആയിരിക്കും സെങ്കോട്ടൈന് ലഭിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :