അപര്‍ണ|
Last Modified ചൊവ്വ, 13 മാര്‍ച്ച് 2018 (13:51 IST)
ദേശീയ സംസ്ഥാന പാതയിലെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്ന് സുപ്രീംകോടതി. നേരത്തേ മദ്യശാലാ നിരോധനത്തില്‍ ഇളവ് നല്‍കാമെന്ന വിധിയില്‍ കള്ളുഷാപ്പുകളും ഉള്‍പ്പെടുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
പഞ്ചായത്തുകളിലെ നഗരമേഖലകളില്‍ മദ്യശാലകള്‍ക്ക് ഇളവ് നല്‍കാമെന്ന വിധിയാണ് കള്ളുഷാപ്പുകള്‍ക്ക് ബാധകമാവുക. ഏതൊക്കെ കള്ളുഷാപ്പുകള്‍ തുറക്കാമെന്നു സംസ്ഥാന സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും കോടതി വ്യക്തമാക്കിയത്. കേരളത്തിലെ കള്ളുഷാപ്പ് ഉടമകളും തൊഴിലാളികളും നല്കിയ ഹര്‍ജിയിലാണ് നടപടി.
ദേശീയ സംസ്ഥാന പാതകളിലെ 520 കള്ളുഷാപ്പുകളാണ് ഇപ്പോള്‍ പൂട്ടികിടക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്രദേശം നഗരമാണോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അനുമതിക്കായി മദ്യശാല ഉടമകള്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിക്കണമെന്നും നേരത്തേ കോടതി പറഞ്ഞിരുന്നു.