ഇറക്കുമതി തീരുവ 105 ശതമാനത്തോളം വര്‍ധിപ്പിച്ചു; പഞ്ചസാര വില കുത്തനെ ഉയര്‍ന്നു

കോഴിക്കോട്| Sajith| Last Modified ബുധന്‍, 3 ഫെബ്രുവരി 2016 (11:31 IST)
ഇറക്കുമതി തീരുവ കുത്തനെ വര്‍ധിപ്പിച്ചതോടെ പഞ്ചസാരയുടെ വില ഉയര്‍ന്നു. ഏകദേശം105 ശതമാനത്തോളമാണ് തീരുവ വര്‍ധിപ്പിച്ചത്. ഒരു ക്വിന്‍റലിന് തീരുവ 95 രൂപയായിരുന്നത് 195 രൂപയായാണ് വര്‍ധിച്ചത്. ക്വിന്‍റലിന് 3120 രൂപ വിലയുണ്ടായിരുന്നത് ഇതോടെ 3270 രൂപയായി.
മൊത്ത വില്‍പന കേന്ദ്രത്തില്‍ പഞ്ചസാരയുടെ വില കിലോക്ക് ഒരു രൂപ മുതല്‍ വര്‍ധിച്ചിട്ടുണ്ട്.
ഗ്രാമങ്ങളിലെ ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ അഞ്ചു രൂപയോളമാണ് വില വര്‍ധിച്ചത്. അതായത്, കിലോക്ക് 32 രൂപ ഉണ്ടായിരുന്ന ചില്ലറ വില്‍പനകേന്ദ്രത്തില്‍ ഇപ്പോഴത്തെ വില 35 മുതല്‍ 37 രൂപ വരെയാണ്.

കാലങ്ങളായി കരിമ്പുകര്‍ഷകരുടെ ഭാഗത്തുനിന്നുള്ള ആവശ്യപ്രകാരമാണ് തീരുവ വര്‍ധിപ്പിച്ചതെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ വിശദീകരണം. ഉപയോഗിച്ച് നിര്‍മിക്കുന്ന ബേക്കറി അടക്കമുള്ള ഉല്‍പന്നങ്ങളുടെ വിലയും കുത്തനെ ഉയരും. ലോകതലത്തില്‍ പഞ്ചസാരയുടെ ഉല്‍പാദനം കുറയുകയും ഇന്ത്യയില്‍ പഞ്ചസാര ഉല്‍പാദനം വര്‍ധിക്കുകയും ചെയ്തു. ഇക്കാരണത്താല്‍ ഇന്ത്യന്‍ കര്‍ഷകരുടെ ഉല്‍പന്നം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില്‍ക്കപ്പെടാത്ത സ്ഥിതി വന്നു. ഇതാണ് തീരുവ വര്‍ധിപ്പിക്കാനുണ്ടായ കാരണം.

ഇറക്കുമതി ചെയ്യുന്ന പഞ്ചസാരക്ക് ഇന്ത്യയുടേതിനെക്കാള്‍ വില കുറവായിരുന്നു. ഇതിനാല്‍
ഇന്ത്യയിലെ പഞ്ചസാര കെട്ടിക്കിടക്കാന്‍ തുടങ്ങി. ഇതോടെയാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിക്കണമെന്ന ആവശ്യം മില്ലുടമകളും കര്‍ഷകരും ശക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം തീരുവ 40 ശതമാനത്തോളം ഉയര്‍ത്തിയിരുന്നു. 2012-13 കാലത്ത് 1774.86 ലക്ഷം ടണായിരുന്നത്
2015-16 കാലത്ത് 1734.05 ആയാണ് ലോകതലത്തില്‍ കുറഞ്ഞത്. ഇന്ത്യയില്‍ ഇതേ കാലത്ത് 2.63 ശതമാനം ഉല്‍പാദന വര്‍ധനവും ഉണ്ടായി.

2014-15 കാലത്ത് ബ്രസീല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പഞ്ചസാര ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. ലോക പഞ്ചസാര ഉല്‍പാദനത്തില്‍ 17 ശതമാനവും ഇന്ത്യയുടേതാണ്.
ഇന്ത്യയിലേക്ക് പ്രധാനമായും പഞ്ചസാര ഇറക്കുമതി ചെയ്യുന്നത് ബ്രസീലില്‍നിന്നാണ്. പഞ്ചസാര വിലയില്‍ ജൂലൈയോടെ 8.46 ശതമാനം വര്‍ധന ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ജനുവരിയേക്കാള്‍ ഈ വര്‍ഷം ജനുവരിയില്‍ 9.56 ശതമാനം മുതല്‍ 15.38 ശതമാനം വരെ വര്‍ധനയാണ് മൊത്ത വില്‍പന കേന്ദ്രങ്ങളില്‍ ഉണ്ടായത്.
മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് പഞ്ചസാര എത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :